കാസര്‍കോട്: ജില്ലാപ്രസിഡന്റ് സ്ഥാനം നല്‍കാത്തതിനെ തുടര്‍ന്ന് സംസ്ഥാന സമിതി അംഗം രവീശതന്ത്രി ബി.ജെ.പി രാഷ്ട്രീയം അവസാനിപ്പിച്ച് സംഘ്പരിവാറിലേക്ക് മടങ്ങുന്ന വാര്‍ത്ത പുറത്തുവന്നതോടെ പാര്‍ട്ടിക്കുള്ളില്‍ ഇതുസംബന്ധിച്ച് സമ്മിശ്രപ്രതികരണം.
കുണ്ടാര്‍ പാര്ട്ടിവിടുന്നതുകൊണ്ട് ഒന്നും സംഭവിക്കാനില്ലെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്. എന്നാല്‍ ഇത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് തന്ത്രി അനുകൂലികള്‍ അവകാശപ്പെടുന്നു. കുണ്ടാറിനെ തഴഞ്ഞതില്‍ സംഘപരിവാറിനുണ്ടായ അമര്‍ഷമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ജില്ലയിലെ വടക്കന്‍ മേഖലയിലെ ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താനായിരുന്നു കുണ്ടാറിനെ സംഘപരിപാറില്നിന്നും ബിജെപിയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ ഈ പരീക്ഷണം പരാജയമെന്ന വിലയിരുത്തലാണ് ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നും തന്ത്രിയെ തഴയാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. അദ്ദേഹത്തിന് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയുന്നില്ലെന്ന് വിവിധ തെരഞ്ഞെടുപ്പുകള്‍ തെളിയിച്ചതായും നേതൃത്വം വിലയിരുത്തുന്നു.
മലയാളം വേണ്ടത്ര വശമില്ലാത്ത, ശുദ്ധ മലയാളം സംസാരിക്കുന്നവരെ ഇഷ്ടപെടാത്തവര്‍ താമസിക്കുന്ന കാസര്‍കോടിന്റെ വടക്കിന്റെ ഗ്രാമങ്ങളിലും വേണ്ടത്ര സ്വാധീനം ചെലുത്താന്‍ തന്ത്രിക്കായില്ലാ എന്നുതന്നെയാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്, പാര്‍ലമെന്റ് ഫലം എന്നിവ അതാണ് കാണിക്കുന്നത്. ആര് എസ് എസിന്റെ കര്‍ണ്ണാടക ഘടകത്തിന്റെ സ്വാധീനത്തിലാണ് വടക്കന്‍ കാസര്‍കോട്. ഇവിടങ്ങളിലേക്ക് ബി.ജെ.പിയുടെ കേരള ഘടകത്തിന്റെ സ്വാധീനമെത്തിക്കുമെന്നും മഞ്ചേശ്വരത്ത് മത്സരിപ്പിച്ചാല്‍ ഭാഷാ ന്യൂനപക്ഷമായ വടക്കന്‍ കാസര്‍കോടിനെ തിരികെ എത്തിക്കാന്‍ തനിക്ക് സാധിക്കുമെന്നും കുണ്ടാര്‍ ഉറപ്പുനല്‍കിയിരുന്നു. അത് സാധ്യമായില്ല അതുകൊണ്ട് തന്ത്രി പാര്ട്ടിവിടുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
ജനസേവനം മുഖ്യ ലക്ഷ്യമാവേണ്ടുന്ന രാഷ്ട്രീയപ്പണിക്ക് ചേര്‍ന്നതല്ല കുണ്ടാറിന്റെ ശൈലിയെന്ന് നേരത്തെ തന്നെ വിലയിരുത്തലുണ്ടായിരുന്നു. രവീശ തന്ത്രിയുടെ ആധ്യാത്മിക ജീവിതം അതിനുയോജിച്ചതല്ല. ഈ രംഗത്ത് ശോഭിക്കാന്‍ പകരം ഒരു മുഖം കാണാന്‍ കഴിയാതെ വന്നതാകണം വീണ്ടും ശ്രീകാന്തിന് തന്നെ ജില്ലാ പ്രസിഡണ്ട് സ്ഥാനമെന്ന നറുക്കു വീഴാന്‍ കാരണം. സംഘപരിവാറിന്റെ നിര്‍ണ്ണായക ശക്തികേന്ദ്രങ്ങളായ വടക്കന്‍ മേഖലയില്‍ തന്ത്രിക്ക് ഏറെ സ്വാധീനമുണ്ട്. തന്ത്രി ഇടഞ്ഞുനിന്നാല്‍ സംഘപരിവാറും ഒപ്പം നിന്നേക്കും. ഇത് ബിജെപിക്ക് ക്ഷീണമുണ്ടാക്കുമെന്നും തന്ത്രി അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നു.
ബി.ജെ.പിക്ക് ഏറെ സ്വാധീനമുണ്ടാകേണ്ട വടക്കന്‍ കാസര്കോടിനിടയില് സജീവ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കാന്‍ ജില്ലാ നേതൃത്വത്തിനു ഇതേവരെ സാധിച്ചിട്ടില്ല. സമ്മിശ്ര ഭാഷ സംസാരിക്കുന്നവര്‍ക്കിടയില്‍ നിന്നും ആരും തന്നെ ഉയര്‍ന്നു വരുന്നില്ല. ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വത്തെ അവര്‍ അംഗീകരിക്കുന്നില്ല. സ്കൂളുകളില്‍ പോലും മലയാള ഭാഷാ പഠനത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയാലും സ്വീകരിക്കുന്നില്ല. സി.പി.എം നേതാവും എം.പിയുമായിരുന്ന രാമ്മണ്ണറായ് ഉയര്‍ത്തി കൊണ്ടുവന്ന മണ്ണിന്റെ മക്കള്‍ വാദത്തില്‍ ഇന്നും ഉറച്ചു വിശ്വസിക്കുന്ന ഇവര്‍ കേരളത്തില്‍ നിന്നും വിട്ട് കര്‍ണ്ണാടകത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവരാണ്. മേല്‍ജാതി സവര്‍ണ സ്വഭാവം വെച്ചു പുലര്‍ത്തുന്ന ഇവിടങ്ങളിലെ ബ്രാഹ്മണ സമുദായം അടക്കം തികഞ്ഞ കോണ്‍ഗ്രസ് വശ്വാസികളായി ഇപ്പോഴും തുടരുന്നുണ്ട്. ഇത്തരം മേഖലകളില്‍ ബി.ജെ. പിക്ക് കടന്നു ചെന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. ബ്രാഹ്മണ സമുദായാംഗമായിട്ടുപോലും ശ്രീകാന്തിന് അത് സാധ്യമായിട്ടില്ലെന്ന് ആര്.എസ്.എസും വിലയിരുത്തിയിരുന്നു. അതുകൊണ്ടുതന്നെയാണ് കുണ്ടാറിനെ പ്രസിഡന്റാക്കണമെന്ന് ആര് എസ് എസ് ആവശ്യപ്പെട്ടതത്രെ.
0 Comments