തൃക്കണ്ണാട് ക്ഷേത്രത്തില്‍ പുന:പ്രതിഷ്ഠ


പാലക്കുന്ന്: തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ ശിവസ്തുതികളുമായി തടിച്ചുകൂടിയ ആയിരക്കണക്കിന് ഭക്തരെ സാക്ഷിയാക്കി നടത്തി.
കഴിഞ്ഞ ദിവസം കലശകുംഭത്തില്‍ ആവാഹിച്ച ചൈതന്യം ശ്രീകോവിലിലെ മൂലവിഗ്രഹത്തിലേക്ക് പകര്‍ന്നുനല്‍കുന്ന താന്ത്രികച്ചടങ്ങുകളാണ് ബുധനാഴ്ച പൂര്‍ത്തിയായത്. ഇതിനുശേഷം ബുധനാഴ്ച സന്ധ്യക്ക് അടച്ച ശ്രീകോവില്‍ ഇനി ശനിയാഴ്ച രാവിലെ അഞ്ചുമണിക്ക് മാത്രമേ തുറക്കുകയുള്ളൂ. അതുവരെയുള്ള മറ്റ് വൈദിക താന്ത്രിക ചടങ്ങുകളും പൂജകളും മണ്ഡപത്തിലായിരിക്കും നടക്കുക. അരവത്ത് കെ.യു.പദ്മനാഭ തന്ത്രിയും ശിഷ്യരുമാണ് പുനഃപ്രതിഷ്ഠ ചടങ്ങുകള്‍ക്ക് കാര്‍മികത്വംവഹിച്ചത്.
സംഗീതക്കച്ചേരി അവതരിപ്പിച്ച ബംഗളൂരു കാഞ്ചന സിസ്റ്റേഴ്‌സ് അംഗങ്ങളെ ക്ഷേത്ര മേല്‍ശാന്തി നവീന്‍ചന്ദ്ര കായര്‍ത്തയ പൊന്നാടയും പുരസ്‌കാരവും നല്‍കി ആദരിച്ചു. വൈകുന്നേരം തിരുവക്കോളി തിരൂര്‍ പാര്‍ഥസാരഥി ക്ഷേത്രസമിതിയുടെ ഭജനയും രാത്രി മല്ലം ദുര്‍ഗാപരമേശ്വരി സംഘത്തിന്റെ യക്ഷഗാനവുമുണ്ടായിരുന്നു. ഇന്ന് രാവിലെ മുളപൂജയും പരിവാര പ്രതിഷ്ഠയും ഏഴുമണിക്ക് മുല്ലച്ചേരി സാവിത്രിയുടെ ഹരിനാമ കീര്‍ത്തനവും 10 ന് ഹേമലതയും രാധികയും സംഗീതാര്‍ച്ചനയും നടത്തി. വൈകുന്നേരം വിവിധ വൈദിക ചടങ്ങുകള്‍ക്കുശേഷം അരവത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്ര സമിതിയുടെ ഭജനയും രാത്രിയില്‍ കാസര്‍കോട് റിഥം ബീരന്തബൈല്‍ നൃത്തവും അവതരിപ്പിക്കും.

Post a Comment

0 Comments