റവന്യു റിക്കവറി അദാലത്ത്: 94 അപേക്ഷകള്‍ തീര്‍പ്പാക്കി


കാസര്‍കോട്: കാസര്‍കോട് കസബയിലെ 60 വയസുകാരി സരോജിനി അമ്മക്ക് ഇനി ആശ്വസിക്കാം. നാലു വര്‍ഷം മുമ്പ് മീന്‍കച്ചടത്തിനായി എടുത്ത 10000 രൂപയുടെ വായ്പ 250 രൂപ അടച്ച് തീര്‍പ്പാക്കാം. സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ജില്ലയിലെ വിവിധ ശാഖകളില്‍ നിന്ന് വായ്‌പെയടുത്ത് ജപ്തി നടപടികള്‍ നേരിടുന്നവര്‍ക്കായി റവന്യൂ വകുപ്പും സിന്‍ഡിക്കേറ്റ് ബാങ്കും ചേര്‍ന്ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച റവന്യു അദാലത്തിലാണ് സരോജിനി അമ്മയുടെ അപേക്ഷ പരിഗണിച്ചത്. സിന്‍ഡിക്കേറ്റ് ബാങ്ക് കാസര്‍കോട് ശാഖയില്‍ നിന്നും നാല് വര്‍ഷം മുമ്പാണ് മീന്‍ കച്ചവടം തുടങ്ങാനായി സരോജിനി അമ്മ 10000 രൂപ വായ്പയെടുത്തത്. എന്നാല്‍ മകന്‍ രതീശന് നടുവിന് സുഖമില്ലതായതോടെ കച്ചവടം നിര്‍ത്തേണ്ടി വന്നു. മകള്‍ സുലേഖ വര്‍ഷങ്ങളായി തളര്‍വാത രോഗിയാണ്. മക്കളുടെ ചികിത്സയ്ക്കും ദൈനംദിന ചിലവിനും പണം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ തിരിച്ചടവുകള്‍ മുടങ്ങി. രണ്ടു വര്‍ഷം മുമ്പ് 2000 രൂപ അടച്ച് വായ്പ തീര്‍പ്പാക്കാനുള്ള സാവകാശം ബാങ്ക് നല്‍കിയെങ്കിലും ആ തുകയും പറഞ്ഞ സമയത്ത് അടക്കാനായില്ല. ഇതോടെയാണ് ബാങ്ക് തൂടര്‍ നടപടികള്‍ ആരംഭിച്ചത്. അദാലത്തില്‍ തീര്‍പ്പായ 250 രൂപ അടക്കാന്‍ രണ്ട് ദിവസത്തെ സാവകാശം ബാങ്ക് നല്‍കിയിട്ടുണ്ട്.
അദാലത്തില്‍ ആകെ 106 അപേക്ഷകളാണ് ലഭിച്ചത്. 94 അപേക്ഷകള്‍ തീര്‍പ്പാക്കി. ബാങ്ക് അക്കൗണ്ടില്ലാത്തവര്‍ക്ക് ജില്ലയിലെ ഏത് ശാഖയിലും അക്കൗണ്ട് എടുക്കാനായി ജില്ലാഭരണകൂടവും കാസര്‍കോട് ജില്ലയിലെ വിവിധ ബാങ്കുകളും അദാലത്തിന്റെ ഭാഗമായി സൗകര്യമൊരുക്കി. ഫെഡറല്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക്, ആന്ധ്ര ബാങ്ക്, അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ബറോഡ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നീ ബാങ്കുകളാണ് പൂതിയ അക്കൗണ്ട് തുടങ്ങാനുള്ള സൗകര്യമൊരുക്കിയത്. ഡെപ്യൂട്ടി കലക്ടര്‍ പി ആര്‍ രാധിക, ലീഡ് ബാങ്ക് മാനേജര്‍ എന്‍ കണ്ണന്‍, സിന്‍ഡിക്കേറ്റ് ബാങ്ക് ബ്രാഞ്ച് മാനോജര്‍മാര്‍, ബാങ്ക് ജീവനക്കാര്‍, റവന്യൂ വകുപ്പ് ഉദ്യോഗസഥര്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments