കൊറോണ വൈറസ് : ജില്ലയില്‍ 94 പേര്‍ നിരീക്ഷണത്തില്‍


കാഞ്ഞങ്ങാട്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നെത്തിയ 91 പേരും മറ്റു രാജ്യങ്ങളില്‍ നിന്നെത്തിയ മൂന്ന് പേരും ഉള്‍പ്പെടെ 94 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.
ഇതില്‍ 17 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. അഞ്ചുപേരുടെ പരിശോധന ഫലം ലഭിച്ചതില്‍ ഒരാളുടെ ഫലം മാത്രമാണ് പോസിറ്റീവ് ആയിട്ടുള്ളത്.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിവിധ ഉപസമിതികള്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് ജില്ലയില്‍ എത്തും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാധനസാമഗ്രികള്‍ എല്ലാ ആശുപത്രികളിലും എത്തിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട.് ജില്ലാജനറല്‍ ആശുപത്രികളില്‍ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കിയിട്ടുണ്ട്
നിരീക്ഷണത്തിലുള്ള കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളെ സ്‌കൂളു കളിലേക്കും കോളേജുകളിലേക്കും അയക്കേണ്ടതില്ല. അവര്‍ക്ക് ഹാജര്‍ സംബന്ധിച്ച് പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടാകില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നിരീക്ഷണത്തില്‍ ഉള്ള കുടുംബങ്ങളില്‍ നിന്ന് 39 കുട്ടികള്‍ സ്‌കൂളിലും രണ്ടു കുട്ടികള്‍ കോളേജിലുമാണ് പഠിച്ചുകൊണ്ടിരിക്കുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ച വീട്ടില്‍ പക്ഷിമൃഗാദികളില്ലാത്തതിനാല്‍ അത്തരത്തിലുള്ള ആശങ്ക വേണ്ട.
ചൈന ഉള്‍പ്പെടെയുള്ള കൊറോണ ബാധിത രാജ്യങ്ങളില്‍നിന്നുള്ള ടൂറിസ്റ്റുകള്‍ ആരും തന്നെ കാസര്‍കോട് ജില്ലയിലെ ഹോട്ടലുകളില്‍ താമസിക്കുന്നില്ലെന്ന് പരിശോധനയിലൂടെ ഉറപ്പുവരുത്തി. 29 ഹോട്ടലുകള്‍, 23 ഹോം സ്റ്റേ, 26 ഹൗസ് ബോട്ടുകള്‍ എന്നിവയാണ് പരിശോധിച്ചത്.
കൊറോണ വൈറസുമായി ബന്ധപ്പെട്ട അവബോധം സൃഷ്ടിക്കുന്നതിന് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ വീഡിയോ സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കാനും നിര്‍ദ്ദേശം നല്‍കി. നിലവില്‍ ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ അദ്ധ്യക്ഷതയില്‍ വൈകിട്ട് 7 ന് ചേര്‍ന്ന അവലോകന യോഗം വിലയിരുത്തി.
എ.ഡി.എം എന്‍. ദേവീദാസ,് ഡെപ്യൂട്ടി ഡി.എം.ഒ ഡോക്ടര്‍ രാമദാസ് എ.വി, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോക്ടര്‍ മനോജ് എ.ടി, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോക്ടര്‍ രാമന്‍ സ്വാതി വാമന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ സയന എസ് തുടങ്ങിയവര്‍ പങ്കെടുത്തു

Post a Comment

0 Comments