തിരൂര്‍: ഒമ്പതു വര്‍ഷത്തിനിടെ ജനിച്ച ആറു കുഞ്ഞുങ്ങളും മരിച്ചതില്‍ ദുരൂഹത ആരോപിക്കപ്പെട്ടതിനെത്തുടര്‍ന്ന്, ഇന്നലെ രാവിലെ മരിച്ച കുഞ്ഞിന്റെ മൃതദേഹം കബറില്‍നിന്നു പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി.
തിരൂര്‍ തറമ്മല്‍ റഫീഖ്-ശബ്ന ദമ്പതികളുടെ 93 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ മൃതദേഹമാണ് തിരൂര്‍ കോരങ്ങത്ത് ജുമാ മസ്ജിദിലെ കബര്‍സ്ഥാനില്‍നിന്നു പുറത്തെടുത്തു പരിശോധിച്ചത്.
ഇവര്‍ക്കു നേരത്തേ ജനിച്ച മൂന്നു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും ഒരു വയസ് തികയുന്നതിനു മുമ്പ് മരിച്ചിരുന്നു. മൂന്നാമത്തെ കുഞ്ഞ് എറണാകുളം അമൃത ആശുപത്രിയില്‍വച്ചാണു മരിച്ചത്. കുഞ്ഞുങ്ങള്‍ തുടര്‍ച്ചയായി മരിക്കുന്നതു കണക്കിലെടുത്ത് അന്നു പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. എന്നാല്‍ അസ്വാഭാവികമായ ഒന്നും കണ്ടെത്താനായില്ല. ഹൈദരാബാദില്‍ നടത്തിയ വിദഗ്ധ പരിശോധയില്‍ ജനിതക വൈകല്യമാണ് മരണകാരണമെന്നു തെളിഞ്ഞു. ഇതിന്റെ സര്‍ട്ടിഫിക്കറ്റ് ഇവരുടെ പക്കലുണ്ട്. തുടര്‍ന്നു ജനിച്ച രണ്ടു കുട്ടികളും സമാനരീതിയില്‍ മരിച്ചു.
ഇന്നലെ മരിച്ച കുഞ്ഞിന് 93 ദിവസമായിരുന്നു പ്രായം. രാവിലെ കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും എത്തുന്നതിനു മുമ്പ് മരണം സംഭവിച്ചു. മരണം ഡോക്ടര്‍ സ്ഥിരീകരിച്ചതിനു ശേഷം വൈകാതെ മൃതദേഹം സംസ്കരിച്ചു. ഇതിനു പിന്നാലെയാണ് എല്ലാ കുഞ്ഞുങ്ങളും മരിക്കുന്നതില്‍ അസ്വാഭാവികത ആരോപിക്കപ്പെട്ടത്. വിവരമറിഞ്ഞ് പോലീസ് ഇവരുടെ ബന്ധുവിന്റെ മൊഴി രേഖപ്പെടുത്തി. അസ്വാഭാവിക മരണത്തിനു കേസെടുത്തതിനു ശേഷം ദമ്പതികളുമായി സംസാരിച്ചു. ദുരൂഹതയില്ലെന്ന് ഇവര്‍ അറിയിച്ചെങ്കിലും കേസിന്റെ ഭാഗമായി പോസ്റ്റ്മോര്‍ട്ടം നടത്തുകയായിരുന്നു.
പോസ്റ്റ്മോര്‍ട്ടം സമയത്ത് കുഞ്ഞിന്റെ പിതാവ് റഫീഖ് സ്ഥലത്തുണ്ടായിരുന്നു. സയന്റിഫിക് ഓഫീസര്‍ ഡോ: ത്വയ്ബ, തിരൂര്‍ ഡിവൈ.എസ്.പി. അഭിലാഷ്, സി.ഐ. ഫര്‍ഷാദ്, എസ്.ഐ. ജലീല്‍ കറുത്തേടത്ത് എന്നിവരും എത്തിയിരുന്നു.
വീട്ടില്‍ തുടര്‍ച്ചയായി മരണങ്ങളുണ്ടായതോടെ ജനങ്ങള്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണു പോലീസ് നടപടി തുടങ്ങിയത്.
കൂടത്തായിയില്‍ ജോളി ആറുപേരെ വകവരുത്തിയ സംഭവം കേരളജനതയ്ക്ക് മുമ്പിലുണ്ട്. ഇതാണ് സംശയം വര്‍ദ്ധിക്കാന്‍ കാരണം.
0 Comments