പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച: 80 പവനും 2 ലക്ഷവും നഷ്ടപ്പെട്ടു


ബദിയടുക്ക: കുടുംബം വീടുപൂട്ടി കൊല്‍ക്കത്തയിലേക്ക് പോയ സമയം വീട്ടില്‍ കവര്‍ച്ച. 80 പവന്‍ സ്വര്‍ണവും രണ്ടു ലക്ഷം രൂപയും നഷ്ടപ്പെട്ടു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബദിയടുക്ക ടൗണില്‍ അക്ഷയ ഫാന്‍സി കട നടത്തുന്ന ശ്രീനിവാസ റാവുവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കഴിഞ്ഞ ദിവസമാണ് വീടുപൂട്ടി കുടുംബം കൊല്‍ക്കത്തയിലേക്ക് പോയത്.
ഇന്നലെ രാവിലെ വീട്ടുപറമ്പിലെ കൃഷിക്ക് വെള്ളമൊഴിക്കാനെത്തിയ അയല്‍വാസിയാണ് വീടിന്റെ മുന്‍ വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ബന്ധുവിനെ വിവരമറിയിക്കുകയും ബന്ധുവെത്തി അകത്തുകയറി നോക്കിയപ്പോള്‍ അലമാരയും കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തി. ഇതോടെ ശ്രീനിവാസയെ ഫോണില്‍ ബന്ധപ്പെടുകയും 80 പവന്‍ സ്വര്‍ണവും രണ്ടു ലക്ഷം രൂപയും അലമാരയില്‍ സൂക്ഷിച്ചിരുന്നതായും അറിയിക്കുകയായിരുന്നു. എന്നാല്‍ ഈ സ്വര്‍ണം കാണാനില്ലായിരുന്നു.
വിവരമറിഞ്ഞ് ശ്രീനിവാസ റാവു കൊല്‍ക്കത്തയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബദിയടുക്ക പോലീസ് സ്ഥലത്തെത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Post a Comment

0 Comments