കൊണ്ടോട്ടി: സാമൂഹ്യ സുരക്ഷ, ക്ഷേമ പെന്ഷന് ഗുണഭോക്താക്കളില്‍ അനര്‍ഹര്‍ കൈപ്പറ്റിയിരുന്നത് പ്രതിമാസം 70 കോടിയോളം രൂപ. സാമൂഹ്യ സുരക്ഷാ പെന്ഷന്, ക്ഷേമപെന്ഷന് എന്നിവ വാങ്ങുന്നവരിലെ അനര്‍ഹരെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ മസ്റ്ററിങ് ഏര്‍പ്പെടുത്തിയതോടെയാണ് ഇത്രയും തുക അനര്‍ഹമായി കൈപ്പറ്റിയതായി കണ്ടെത്തിയത്. 57.86 ലക്ഷം പേരാണ് ഇതുവരെ അനര്‍ഹമായി പെന്ഷന് കൈപ്പറ്റിയിരുന്നത്. ഇവരില്‍ രേഖകള്‍ ഹാജരാക്കി മസ്റ്ററിങ് നടത്താത്ത 5,73,477 പേരെയാണ് നീക്കം ചെയ്തത്. മസ്റ്ററിങ് നടത്താനുള്ള സമയപരിധി 15ന് അവസാനിച്ചിരുന്നു. 1200 രൂപയാണ് നിലവില്‍ പെന്ഷന് നല്‍കുന്നത്. വാര്‍ധക്യകാല പെന്‍ഷനില്‍ 70 വയസു കഴിഞ്ഞാല്‍ 1500 രൂപയും നല്‍കുന്നുണ്ട്. സംസ്ഥാനത്ത് 47,40,921 പേരാണ് സാമൂഹ്യ സുരക്ഷാ പെന്ഷന് കൈപ്പറ്റിയിരുന്നത്. ഇവരില്‍ 43,43,598 പേര് മസ്റ്ററിങ് നടത്തിയിട്ടുണ്ട്. ശേഷിക്കുന്നവരെ അനര്‍ഹരായി കണക്കാക്കി പുറത്താക്കി. വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് പെന്ഷന് ഗുണഭോക്താക്കളായി 10,47,705 പേരാണുണ്ടായിരുന്നത്. ഇവരില്‍ 1,76,154 പേര് മസ്റ്ററിങ് നടത്താത്തതിനാല്‍ പുറത്താവുകയും ചെയ്തു.
വാര്‍ധക്യകാല പെന്ഷന് വാങ്ങുന്നവരിലാണ് കൂടുതല്‍ അനര്‍ഹര്‍ ഉണ്ടായിരുന്നത്. 24,54,212 പേരാണ് വാര്‍ധക്യകാല പെന്ഷന് കൈപ്പറ്റിയിരുന്നത്. ഇവരില്‍ 22,26,271 പേര് മസ്റ്ററിങ് നടത്തി. 2.27 ലക്ഷം പേര് പുറത്തായി. വിധവാ പെന്ഷന് വാങ്ങിയിരുന്ന 13,45,028 പേരില്‍ 81,631 പേര് അനര്‍ഹരായിരുന്നു. അന്‍പത് വയസു കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്ഷന് കൈപ്പറ്റിയിരുന്ന 84,102 പേരില്‍ 79,347 പേര് മസ്റ്ററിങ് നടത്തി. ശേഷിക്കുന്ന 4,755 പേര് പുറത്തായി. കര്‍ഷക തൊഴിലാളി പെന്‍ഷനില്‍ 4,53,143 പേരില്‍ 4,031,82 പേരാണ് മസ്റ്ററിങ് നടത്തിയത്. 4,04,436 പേര് ഭിന്നശേഷിക്കാരില്‍ പെന്ഷന് കൈപ്പറ്റിയവരില്‍ 3,71,401 പേരാണ് മസ്റ്ററിങ് നടത്തിയത്.
അനര്‍ഹര്‍ കൈപ്പറ്റിയിരുന്ന തുക വീണ്ടെടുക്കുന്നതോടെ സര്‍ക്കാരിനു പുതിയ ബജറ്റില്‍ പ്രഖ്യാപിച്ച 100 രൂപ തിരിച്ചുപിടിച്ച തുകയില്‍നിന്ന് നല്‍കാനാകും. മരണപ്പെട്ടവര്‍, മതിയായ രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തവര്‍, ഇരട്ട പെന്ഷന് വാങ്ങുന്നവര്‍, വിവാഹിതരായ വിധവകള്‍ തുടങ്ങിയവരാണ് മസ്റ്ററിങ് നടപ്പാക്കിയതോടെ പെന്ഷന് ലിസ്റ്റില്‍നിന്ന് പുറത്തായത്.
0 Comments