ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി 54 മുതല്‍ 60 സീറ്റ് വരെ നേടുമെന്ന് ടൈംസ് നൗ സര്‍വേ ഫലം. ബിജെപിക്ക് 10 മുതല്‍ 14 സീറ്റ് വരെ ആകും നേടാന്‍ ആവുകയെന്നും ടൈംസ് നൗ അഭിപ്രായ സര്‍വേയില്‍ പ്രവചിക്കുന്നു. ആകെ 70 സീറ്റുകള്‍ ആണുള്ളത്. കോണ്‍ഗ്രസിന് പരമാവധി രണ്ട് സീറ്റുകള്‍ മാത്രമാണ് സര്‍വേ പ്രവചിക്കുന്നത്. ടൈംസ് നൗവിന് വേണ്ടി ഇപ്സോസ് ആണ് സര്‍വേ നടത്തിയത്.
അതേസമയം ഇപ്പോള്‍ ഡല്‍ഹിയിലെ ലോക്സഭ സീറ്റുകളിലേയ്ക്ക് തിരഞ്ഞെടുപ്പ് നടന്നാല്‍ ആകെയുള്ള ഏഴ് സീറ്റുകളും ബിജെപി നേടുമെന്നും ടൈംസ് നൗ സര്‍വേ പറയുന്നു. കഴിഞ്ഞ രണ്ട് ലോക്സഭ തിരഞ്ഞെടുപ്പുകളിലും ബിജെപി ഡല്‍ഹി തൂത്തുവാരിയിരുന്നു. ജനുവരി 27നും ഫെബ്രുവരി ഒന്നിനുമിടയിലാണ് സര്‍വേ നടത്തിയത്.
എഎപിക്ക് 52 ശതമാനം വോട്ടും ബിജെപിക്ക് 34 ശതമാനം വോട്ടും സര്‍വേ പ്രവചിക്കുന്നു. 2015ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ നിന്ന് എഎപിക്ക് 2.5 ശതമാനം വോട്ടും ബിജെപിക്ക് 1.7 ശതമാനം വോട്ടും കുറയും. ലോക്സഭ തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടക്കുകയാണെങ്കില്‍ ബിജെപി 46 ശതമാനം വോട്ടും എഎപി 38 ശതമാനം വോട്ടും നേടും. പൗരത്വ നിയമത്തില്‍ മോദി സര്‍ക്കാര്‍ ചെയ്തത് ശരിയാണ് എന്ന് ടൈംസ് നൗ സര്‍വേയില്‍ പങ്കെടുത്ത 71 ശതമാനം പേരും കരുതുന്നു. ഷഹീന്‍ബാഗ് സമരം തെറ്റാണെന്ന് 52 ശതമാനം പേര്‍ക്ക് അഭിപ്പായമുണ്ട്. 25 ശതമാനം പേര് പ്രക്ഷോഭം ശരിയാണ് എന്ന് പറയുന്നു. 7321 സാംപിളുകളാണ് ഇപ്സോസ് എടുത്തത്.
0 Comments