നിരോധിച്ച 44 ലക്ഷത്തിന്റെ കറന്‍സികളുമായി പിടിയില്‍


കാസര്‍കോട്: 43.50 ലക്ഷം രൂപയുടെ നിരോധിത നോട്ടുകളുമായി ഒരാള്‍ പിടിയിലായി. ഇയാള്‍ സഞ്ചരിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പെര്‍ള സ്വദേശി മുഹമ്മദിനെയാണ് (67) പോലീസ് പിടികൂടിയത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സി ഐയുടെ സ്‌ക്വാഡും പ്രിന്‍സിപ്പല്‍ എസ് ഐ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്നാണ് നിരോധിത നോട്ടുകള്‍ പിടിച്ചെടുത്തത്.
ഇന്നലെ രാത്രി 11 മണിയോടെ വിദ്യാനഗര്‍ ഗവ. കോളേജിന് സമീപം വെച്ചാണ് സംഘത്തെ പോലീസ് കുടുക്കാന്‍ ശ്രമിച്ചത്. ഇതിനിടെ ഒരാള്‍ ഓടിരക്ഷപ്പെടുകയും ഒരാള്‍ ഇയോണ്‍ കാറില്‍ കടന്നുകളയുകയും ചെയ്തു. ഇവരെ കണ്ടെത്താന്‍ പോലീസ് ഊര്‍ജിതമായ അന്വേഷണമാണ് നടത്തിവരുന്നത്. മുഹമ്മദിനെയും കെ എല്‍ 14 യു 3330 നമ്പര്‍ സ്വിഫ്റ്റ് കാറും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്വിഫ്റ്റ് കാറില്‍ കറുത്ത ബാഗിലായി സൂക്ഷിച്ച നിലയിലായിരുന്നു 500 രൂപയുടെ നിരോധിച്ച നോട്ടുകള്‍.
ചോദ്യം ചെയ്യലില്‍ രണ്ടു ദിവസം മുമ്പാണ് സംഘത്തെ പരിചയപ്പെട്ടതെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നുമാണ് മുഹമ്മദ് പോലീസിനോട് വ്യക്തമാക്കിയത്. എന്നാല്‍ പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ പണത്തിന്റെ ഉറവിടം സംബന്ധിച്ചുള്ള വിവരങ്ങളടക്കം ലഭിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. ഒരു ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകള്‍ക്ക് 10,000 രൂപ കമ്മീഷന്‍ ലഭിക്കുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

Post a Comment

0 Comments