ചൈനയില്‍ മരണം 390


ബെയ്ജിങ് : കൊറോണ വൈറസ് വ്യാപകമായി പടരുന്ന ചൈനയില്‍ മരണം 390 ആയി. ഇന്നലെമാത്രം 60 മരണം റിപ്പോര്‍ട്ട് ചെയ്തു. 2,929 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം ഇരുപതിനായിരത്തോടടുത്തു. ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷനാണ് പുതിയ കണക്കുകള്‍ പുറത്തു വിട്ടത്.
കൊറോണ ഭീതിയില്‍ ചൈന തുടരവെ വിവിധ ലോകരാജ്യങ്ങള്‍ ചൈനയിലേക്കുള്ള വിമാന സര്‍വീസുകളടക്കം നിര്‍ത്തിവയ്ക്കുകയാണ്. ഏറ്റവും ഒടുവിലായി ചൈനയിലേക്കുള്ള വിമാന സര്‍വ്വീസ് നിര്‍ത്തിവെച്ചതായി സൗദി എയര്‍ലൈന്‍സാണ് വ്യക്തമാക്കിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചൈനയിലേക്കും തിരിച്ചും സര്‍വീസ് ഉണ്ടാകില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
അതിനിടെ ഭീതി വിതച്ച് കൊറോണ വൈറസ് ചൈനയില്‍ പടരുമ്പോള്‍ ആവശ്യത്തിന് മാസ്‌കുകളും പ്രതിരോധ സാമഗ്രികളും കിട്ടാതെ വുഹാന്‍ നഗരം ദുരിതത്തിലാണ്. സംഭരിച്ച ടണ്‍ കണക്കിന് മെഡിക്കല്‍ സാമഗ്രികള്‍ വിതരണം ചെയ്യാനാകാതെ കെട്ടിക്കിടക്കുമ്പോള്‍ റെഡ് ക്രോസിന്റെ ഏകോപനമില്ലായ്മായാണ് കാരണമെന്ന ആരോപണവും ഉയരുന്നുണ്ട്.
കൊറോണ ബാധയുള്ളവരെ ചികിത്സിക്കുന്ന 7 ആശുപത്രികളാണ് വുഹാനിലുള്ളത്. 1000 കിടക്കകളും അത്യാധുനിക സംവിധാനവുമുള്ള ആശുപത്രി നിര്‍മ്മാണം ചൈനയില്‍ തുടങ്ങി. പത്തുദിവസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

Post a Comment

0 Comments