കാഞ്ഞങ്ങാട്: അനധികൃതമായി അവധിയില്‍ പ്രവേശിച്ച 337 ഡോക്ടര്‍മാരെയും 49 ആരോഗ്യവകുപ്പ് ജീവനക്കാരെയും സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
തുടര്‍ച്ചയായുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളും കാലാവസ്ഥ വ്യതിയാനങ്ങളും സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ കാരണമാകുമ്പോള്‍ പ്രകൃതി ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍, പകര്‍ച്ചവ്യാധിനിയന്ത്രണം എന്നീ മേഖലകളില്‍ ക്രിയാത്മകമായ സേവനങ്ങള്‍ നടത്തേണ്ട ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ അനധികൃതമായി ജോലിയില്‍ ഹാജരാവാത്തത് പലതരത്തിലുള്ള പ്രതിസന്ധികള്‍ക്കും കാരണമാവുന്നു എന്ന കണ്ടെത്തലിനെതുടര്‍ന്നാണ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുന്നത്.
അനധികൃതമായി അവധിയില്‍ പ്രവേശിച്ച ഉദ്യോഗസ്ഥര്‍ സര്‍വ്വീസില്‍ തിരിച്ചെത്തണമെന്നാവശ്യപ്പെട്ട നിരവധിതവണ മുന്നറിയിപ്പുകളും നോട്ടീസും നല്‍കിയിട്ടും ആരുംതന്നെസര്വ്വീസില് തിരിച്ചെത്തുകയോ നോട്ടീസിന് മറുപടിനല്‍കുകയോ ചെയ്തില്ല. തുടര്‍ന്നാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 311 (2) ബി 1960 ലെ കെ.സി.എസ് (സി.സി.ആന്റ് എ) ചട്ടം 18(2) എന്ന വകുപ്പ് പ്രകാരം ഇവരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. ഉത്തരവ് പ്രകാരം 15 ദിവസത്തിനകം ഉദ്യോഗസ്ഥര്‍ ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി കെ.നന്ദകുമാര്‍ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം വിശദീകരണം നല്‍കിയില്ലെങ്കില്‍ ഇവരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടണമെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടുന്ന 337 ഡോക്ടര്‍മാരില്‍ 25 പേര് കാസര്‍കോട് ജില്ലയില്‍നിന്നുള്ളവരാണ്. കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെ ശാരിക പ്രേമരാജന്‍, സൂര്യ സുരേന്ദ്രന്, എന്‍.നിസ, ആര്.ജയരാജ്, തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോ.മനു പ്രതാപ്, നീലേശ്വരം താലൂക്ക് ആശുപത്രിയിലെ നിയാസ് അഹമ്മദ്, കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ പി.കെ.രാമകൃഷ്ണന്, എസ്.ബബിത, നിമിഷ ശ്രീധര്‍, ആര്.രാഗേഷ്, അമ്പിളി അനു സേവ്യര്‍, മുഹമ്മദ് റഷീം, ജേക്കബ് ഷാജി, ഷെറിന് ഉബൈദ്, അരുണ്‍ ധില്‍രാജ്, അര്‍ച്ചന ധില്‍രാജ്. ബദിയടുക്കയിലെ മൊയ്തീന് ജസീറലി, മുഹമ്മദ് സമീര്‍, കെ.സുബിന്. പള്ളിക്കര സി.എച്ച്.സിയിലെ സലാഹ് അബ്ദുള്‍റഹിമാന്‍. ചെറുവത്തൂര്‍ സി.എച്ച്.സി.യിലെ എസ്.ശ്രീകാന്ത്. ചിറ്റാരിക്കാല്‍ ആശുപത്രിയിലെ രൂപക് മോഹന്‍. പെരിയ സി.എച്ച്.സിയിലെ ജി.മിനി, ആയിഷ. മൊഗ്രാല്‍ പുത്തൂര്‍ സി.എച്ച്.സി.യിലെ രഞ്ജിത്ത് പോള്‍ എന്നീ ഡോക്ടര്‍മാരെയാണ് സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുന്നത്. ആറ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, നാല് ഫാര്‍മസിസ്റ്റുമാര്‍, ഒരു ഫൈലേറിയന്‍ ഇന്‍സ്പെക്ടര്‍, 21 സ്റ്റാഫ് നഴ്സുമാര്‍, രണ്ട് ലാബ് ടെക്നീഷ്യന്മാര്, മൂന്ന് ക്ലാര്‍ക്കുമാര്‍, മൂന്ന് ലൈബ്രേറിയന്മാര്, മൂന്ന് റേഡിയോ ഗ്രാഫര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ 386 പേരെയാണ് ആരോഗ്യവകുപ്പില്‍ നിന്ന് പിരിച്ചുവിടുന്നത്. ഇവരുടെ അനധികൃത അവധിമൂലം ആരോഗ്യപ്രവര്‍ത്തനങ്ങള്‍ താറുമാറാവുകയും അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഇവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
0 Comments