കേരളത്തിന്റെ 300 ഏക്കര്‍ ഭൂമി കര്‍ണ്ണാടക കൈക്കലാക്കി; മലയാളികളെ ഒഴിപ്പിക്കാനും നീക്കം


ചെറുപുഴ : കേരളത്തിന്റെ ഭൂമി കര്‍ണ്ണാടക വനംവകുപ്പ് കയ്യേറിയതായി ആരോപണം.
ചെറുപുഴ പഞ്ചായത്തിലെ പുളിങ്ങോം വില്ലേജില്‍ 124/2 സര്‍വ്വേ നമ്പറില്‍ പെട്ട 300 ഏക്കറിലേറെ ഭൂമിയാണ് കര്‍ണ്ണാടക വനംവകുപ്പ് കൈവശപ്പെടുത്തിയത്. 2012 ല്‍ അന്നത്തെ റവന്യൂ മന്ത്രി ആയിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇടപെട്ട് കര്‍ണ്ണാടക കയ്യേറിയ ആയിരം ഏക്കറോളം ഭൂമി കര്‍ണ്ണാടക വനംവകുപ്പില്‍ നിന്നും തിരിച്ചുപിടിച്ചിരുന്നു. രത്തന്‍ ഖേല്‍ക്കര്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ ആയിരുന്ന സമയത്ത് കേരളത്തിന്റെ റബ്ബര്‍ തോട്ടം അടക്കം 65 ഏക്കര്‍ സ്ഥലം കര്‍ണ്ണാടകയില്‍ നിന്നും തിരിച്ചുപിടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും കര്‍ണ്ണാടക വനം വകുപ്പ് കേരളത്തിന്റെ ഭൂമിയില്‍ സര്‍വ്വേ കല്ല് സ്ഥാപിക്കുന്ന നടപടി ധ്രുതഗതിയില്‍ നടത്തുകയാണ്. ഏഴിമല-വാഗമണ്ഡലം -ബാംഗ്ലൂര്‍ ഹൈവേയുടെ ഭാഗമായി നിര്‍മ്മിച്ച പാലം വരെ ഇപ്പോള്‍ കര്‍ണ്ണാടക ബോര്‍ഡ് സ്ഥാപിച്ച് അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച പാലം അടക്കം കര്‍ണ്ണാടക വനംവകുപ്പ് കൈപ്പിടിയിലൊതുക്കിയിട്ടും കേരള സര്‍ക്കാര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ 65 ഏക്കര്‍ റബ്ബര്‍ തോട്ടം കര്‍ണ്ണാടകയുടെ കൈവശമാണ്. മലയാളികള്‍ താമസിക്കുന്ന കാര്യങ്കോട് പുഴയുടെ തീരത്തുകൂടിയും കര്‍ണ്ണാടക വനംവകുപ്പ് അവകാശവാദം ഉന്നയിച്ച് സര്‍വ്വേക്കല്ല് സ്ഥാപിച്ചുകഴിഞ്ഞു. മലയാളികള്‍ നികുതി അടക്കുന്ന ഭൂമിയടക്കം കൈവശപ്പെടുത്താന്‍ കര്‍ണ്ണാടകം ശ്രമിക്കുന്നുണ്ട്.
പുളിങ്ങോം, ആറാട്ടുകടവ്, ഓടക്കൊല്ലി, മീന്‍തുള്ളി, തുടങ്ങിയ പ്രദേശത്തെ റവന്യൂ ഭൂമിയിലാണ് കര്‍ണ്ണാടകയുടെ കയ്യേറ്റം നടന്നത്.
വരുംദിവസങ്ങളില്‍ ഇവിടെനിന്നും ജനങ്ങളെ ഒഴിപ്പിക്കാന്‍ നീക്കം നടത്തുമെന്നാണ് സൂചന. കയ്യേറ്റം നടക്കുന്ന കാര്യം റവന്യു വകുപ്പിനെ അറിയിച്ചിട്ടും നടപടി എടുക്കാന്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.

Post a Comment

0 Comments