കൊറോണ: ചൈനയില്‍ മരണം 2650 കടന്നു, പുതുതായി 508 പേര്‍ക്ക് വൈറസ് ബാധ


ബെയ്ജിങ്: ചൈനയില്‍ നിയന്ത്രണ വിധേയമാകാതെ കൊറോണ (കോവിഡ്19) വൈറസ് ബാധ. പുതുതായി 508 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്‍ ഇന്ന് വ്യക്തമാക്കി. ഇതോടെ രാജ്യത്തുടനീളം കൊറോണ ബാധിതരുടെ എണ്ണം 77,658 ആയി ഉയര്‍ന്നു.
വൈറസ് ബാധയിലുള്ള മരണസംഖ്യയും ചൈനയില്‍ ഉയരുകയാണ്. 2663 പേര്‍ കൊറോണ ബാധയില്‍ ഇതുവരെ മരണപ്പെട്ടതായാണ് കണക്ക്. 71 പേരുടെ മരണമാണ് ചൊവ്വാഴ്ച സ്ഥിരീകരിച്ചത്. വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ മാത്രം പുതുതായി 56 മരണം റിപ്പോര്‍ട്ട് ചെയ്തു. വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ മാര്‍ച്ചില്‍ നടക്കേണ്ട പാര്‍ലമെന്റിന്റെ വാര്‍ഷികസമ്മേളനവും നീട്ടിവെച്ചിട്ടുണ്ട്.
ദക്ഷിണകൊറിയയിലും വൈറസ് ബാധ പടര്‍ന്നുപിടിക്കുകയാണ്. ദക്ഷണികൊറിയയില്‍ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരത്തിലേക്ക് അടുക്കുകയാണ്. ചൊവ്വാഴ്ച മാത്രം പുതിയ 60 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കുവൈത്ത്, ബഹ്‌റൈന്‍, ഇറാഖ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ കൊറോണ സ്ഥിരീകരിച്ചതോടെ ലോകരാജ്യങ്ങള്‍ അതീവ ജാഗ്രതയിലാണ്.

Post a Comment

0 Comments