റിയാസ് മൗലവി വധം: അവസാന സാക്ഷിയുടെ വിസ്താരം 25 ന്


കാസര്‍കോട്: കാസര്‍കോട് പഴയ ചൂരിയിലെ മദ്‌റസാ അധ്യാപകനും കുടക് സ്വദേശിയുമായ റിയാസ് മൗലവി വധക്കേസില്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഇന്നലെയും വാദം തുടര്‍ന്നു. അന്വേഷണ ഉദ്യോഗസ്ഥനടക്കം പ്രോസിക്യൂഷന്‍ ഹാജരാക്കിയ 97 സാക്ഷികളുടെയും വിസ്താരം ഇതിനകം പൂര്‍ത്തിയായി. ഇനി പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരം ഏക സാക്ഷിയുടെ വിസ്താരം ഫെബ്രുവരി 25ന് നടക്കും.ഇതോടെ വിചാരണ അവസാനിക്കും.ഇതിനു ശേഷം അന്തിമവാദംകൂടി കേട്ട ശേഷം മാര്‍ച്ച് മാസത്തില്‍ വിധി പുറപ്പെടുവിച്ചേക്കും.
അന്നത്തെ ക്രൈംബ്രാഞ്ച് സി.ഐയും ഇപ്പോഴത്തെ കാഞ്ഞങ്ങാട് ഡി വൈ എസ് പിയുമായ പി കെ സുധാകരനടക്കമുള്ളവരെയാണ് നേരത്തെ വിസ്തരിച്ചത്. ഇദ്ദേഹമാണ് കോടതിയില്‍ കുറ്റ പത്രം സമര്‍പ്പിച്ചത്.ശാസ്ത്രീയ അന്വേഷണം നടത്തിയ മൂന്ന് ഉദ്യോഗസ്ഥരെയും വിസ്തരിച്ചിട്ടുണ്ട്.
റിയാസ് മൗലവി 2017 മാര്‍ച്ച് 21ന് രാത്രിയാണ് കൊല ചെയ്യപ്പെട്ടത്. പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ അതിക്രമിച്ചുകയറിയ സംഘം റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ആര്‍ എസ് എസ് പ്രവര്‍ത്തകരായ കുഡ്‌ലു കേളുഗുഡെ അയ്യപ്പനഗറിലെ എസ് അജേഷ് എന്ന അപ്പു (20), കേളുഗുഡെ മാത്തയിലെ നിധിന്‍ (19), കേളുഗുഡെ ഗംഗയിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരാണ് കേസിലെ പ്രതികള്‍.
പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.അശോകന്‍, അഡ്വ. സാജിദ് എന്നിവരും പ്രതിഭാഗത്തിനുവേണ്ടി അഡ്വ. സുനില്‍ കുമാറുമാണ് ഹാജരായത്.

Post a Comment

0 Comments