ഡല്‍ഹി കലാപം: മരണം 20 ആയി; അക്രമവും തീവെപ്പും തുടരുന്നു


ന്യൂഡല്‍ഹി: വര്‍ഗ്ഗീയ ലഹള ശക്തമായിരിക്കുന്ന ഡല്‍ഹിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതോടെ സ്ഥിതിഗതികള്‍ ശാന്തമാകുന്നു. നഗരം അര്‍ദ്ധ സൈനിക വിഭാഗവും ഡല്‍ഹിപോലീസും ഇന്തോ ടിബറ്റന്‍ സേനയും കയ്യടക്കിയതോടെ അക്രമത്തിന്റെ ശക്തി കുറഞ്ഞു. എന്നിരുന്നാലും ഇന്ന് രാവിലെ ഗോപാല്‍പുരയില്‍ അക്രമികള്‍ കടകമ്പോളങ്ങള്‍ തീ വെച്ചു. അക്രമത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 20 ആയി ഉയര്‍ന്നു. ഗോകുല്‍പുരയില്‍ ടയര്‍മാര്‍ക്കറ്റിന് അക്രമികള്‍ ഇന്നും തീവെച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് രംഗത്ത്എത്തി.
ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ ഭയപ്പെടുത്തുവെന്നും ഉടന്‍ സൈന്യത്തെ വിളിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. എല്ലാ ശ്രമങ്ങള്‍ നടത്തിയിട്ടും പോലീസിന് സാഹചര്യം നിയന്ത്രണ വിധേയമാക്കാനോ ആത്മവിശ്വാസം സൃഷ്ടിക്കാനോ സാധിക്കുന്നില്ലെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അക്രമം നടക്കുന്ന സ്ഥലത്തേക്ക് അഗ്‌നിശമന വിഭാഗം ഏറെ താമസിച്ചാണ് എത്തിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഗോപാല്‍പുരയില്‍ മൂന്നാം ദിവസവും കടകള്‍ അക്രമികള്‍ കത്തിച്ചു. മാര്‍ക്കറ്റ് മുഴുവന്‍ കത്തിച്ചു ചാമ്പലാക്കി. ഈ മേഖലയില്‍ ഇന്നലെ കലാപകാരികള്‍ അഴിഞ്ഞാടിയ പ്രദേശമായിരുന്നു. ജയ് ശ്രീറാം മുഴക്കാതെ ആരെയും ഇതിലേ കടത്തിവിട്ടിരുന്നില്ല. ടീയര്‍ഗ്യാസും മറ്റും പൊട്ടിച്ചായിരുന്നു പോലീസ് ഇന്നലെ ഇവിടെ അക്രമകാരികളെ ഓടിച്ചു വിട്ടത്. ഒരു കിലോമീറ്റര്‍ മാറിയാണ് ഒരു പള്ളിക്ക് അക്രമണകാരികള്‍ തീയിട്ടത്. പോലീസ് നോക്കി നില്‍ക്കേയായിരുന്നു ആക്രമണം. കമ്പിവടിയും കല്ലും തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായിട്ടാണ് എത്തിയത്. രാവിലെ ഇവിടെ വീണ്ടും അക്രമമുണ്ടായതോടെ പൂര്‍ണ്ണമായും സമാധാനം സ്ഥാപിച്ചു എന്ന് പറയാറായിട്ടില്ല.
അതേസമയം മൗജ്പൂരില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. കഴിഞ്ഞ രണ്ടു ദിവസത്തെ കലാപത്തില്‍ നിരവധി വാഹനങ്ങളും കടകളും വീടുകളും ആക്രമിക്കപ്പെട്ടിരുന്നു. അഞ്ചുപേര്‍ മരണമടയുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവിടം ഇപ്പോള്‍ സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. ഇന്തോ ടിബറ്റന്‍ പോലീസ്, സിആര്‍പിഎഫ്, ഡല്‍ഹി പോലീസ് എന്നിവരെ നിയോഗിച്ചിട്ടുണ്ട്. ഇതിലേ രാവിലെ സിആര്‍പിഎഫും ഡല്‍ഹി പോലീസും റൂട്ട് മാര്‍ച്ച് നടത്തി. ആള്‍ക്കാരെ കൂട്ടം കൂടി നില്‍ക്കാന്‍ അനുവദിക്കുന്നില്ല. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയവരെ അപ്പോള്‍ തന്നെ കസ്റ്റഡിയില്‍ എടുത്തു.
മോജ്പൂരില്‍ ഇന്ന് അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ജാഗ്രതയിലാണ് പോലീസ്. കഴിഞ്ഞ ദിവസം സുരക്ഷാ ഉപദേഷ്ടാവ് അജിത്‌ഡോവല്‍ ഇവിടം സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. വിവിധ സാമുദായിക നേതാക്കളുമായി ഡോവല്‍ ചര്‍ച്ച നടത്തിയതായി വിവരമുണ്ട്. ചിലയിടങ്ങളില്‍ കഴിഞ്ഞ ദിവസം സമാധാന റാലികളും നടന്നിട്ടുണ്ട്. രണ്ടു സമുദായത്തില്‍ പെട്ടവരും ഒരുമിച്ച് ചേര്‍ന്നായിരുന്നു ജാഥ നടത്തിയത്. ഇന്നലെ നടന്ന അവലോകന യോഗത്തില്‍ കലാപം ആസൂത്രിതമാണെന്ന് കരുതുന്നില്ലെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു.
പെട്ടെന്ന് ആള്‍ക്കാര്‍ പ്രകോപിതരായതാണ് അക്രമത്തിന് കാരണമെന്നും അമിത്ഷാ പറഞ്ഞു. വിവാദ പരാമര്‍ശനം നടത്തി കപില്‍ മിശ്രയെ തള്ളിപ്പറയാന്‍ അമിത്ഷാ കൂട്ടാക്കിയില്ല. ഇതോടെ ഇന്നലെ നടത്തിയ വര്‍ഗ്ഗീയ പരാമര്‍ശ പ്രസ്താവനയില്‍ ഖേദമില്ലെന്നു പറഞ്ഞ കപില്‍ മിശ്ര ഇന്ന് പുതിയ വിവാദം ട്വീറ്റിലൂടെ തൊടുത്തുവിടുകയും ചെയ്തു. ജാഫ്രാബാദ് ഒഴിപ്പിച്ചതോടെ രണ്ടാം ഷഹീന്‍ബാഗ് ഉണ്ടാകില്ലെന്ന് ഉറപ്പായെന്നായിരുന്നു ട്വീറ്റ്. സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസും ആംആദ്മിപാര്‍ട്ടിയും ഇന്ന് പ്രത്യേകം യോഗങ്ങള്‍ ചേരുന്നുണ്ട്.

Post a Comment

0 Comments