എടിഎമ്മില്‍ നിന്നും ഇനി 2000 ന്റെ നോട്ടുകള്‍ ലഭിക്കില്ല


ന്യൂഡല്‍ഹി : രണ്ടായിരം രൂപാ നോട്ടിനെ ചുറ്റിപ്പറ്റി നിരവധി അഭ്യൂഹങ്ങളാണ് പലപ്പോഴായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. നോട്ടു നിരോധിച്ചു എന്ന തരത്തിലാണ് അടുത്തിടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍, 2000 രൂപാ നോട്ടിന്റെ അച്ചടി കുറച്ചു എന്നല്ലാതെ നോട്ട് നിരോധിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കുന്നു.
ഇതിനിടെ, 2000 രൂപാ നോട്ടുകള്‍ ഭാവിയില്‍ കിട്ടാതെ വന്നേക്കും എന്ന് ഉറപ്പിക്കുന്ന തരത്തിലേയ്ക്കാണ് ബാങ്കുകളുടെ ഭാഗത്തു നിന്നുള്ള നടപടികള്‍. ഒട്ടുമിക്ക ബാങ്കുകളും എടിഎമ്മുകളില്‍ നിന്നും 2000 രൂപാ നോട്ടുകള്‍ എടുത്തു മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. കഴിഞ്ഞ ഒരുമാസക്കാലമായി ഇത്തരം നടപടികള്‍ പുരോഗമിക്കുന്നുണ്ട്. 2000 രൂപാ നോട്ടുകള്‍ മാറ്റി പകരം 500 നോട്ടുകള്‍ എടിഎമ്മുകളില്‍ നിറയ്ക്കാനാണ് ശ്രമം.
2000 രൂപാ നോട്ടുകള്‍ ആവശ്യമുള്ളവര്‍ക്ക് അതത് ശാഖകളില്‍ നിന്നു മാത്രമായി നോട്ടുകള്‍ ലഭ്യമാക്കാനുള്ള നടപടികളാണ് തുടരുന്നത്. ഇന്ത്യന്‍ ബാങ്ക് ഇതിനോടകം തന്നെ എടിഎമ്മുകളില്‍ നിന്നും 2000 രൂപാ നോട്ടുകള്‍ പിന്‍വലിക്കുകയും പകരം 200 രൂപാ നോട്ടുകള്‍ നിറയ്ക്കാനുള്ള നടപടികളിലേയ്ക്ക് നീങ്ങുകയുമാണ്.

Post a Comment

0 Comments