ടോക്കിയോ: കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1800 കവിഞ്ഞു. ഹശബേയ് പ്രവിശ്യയില്‍ മാത്രം ഇന്നലെ 120 പേര്‍മരിച്ചു.
2000 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആകെ 78000 പേര്‍ക്കാണ് വൈറസ് ബാധയേറ്റിട്ടുള്ളത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജപ്പാന് തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഢംബര കപ്പലിലുള്ള യുഎസ് പൗരന്മാരെ നാട്ടിലെത്തിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച 40 പേര് ഒഴികെയുള്ളവരെയാണ് പ്രത്യേക വിമാനത്തില്‍ അമേരിക്ക നാട്ടിലെത്തിച്ചത്.
വൈറസ് ബാധ സ്ഥിരീകരിച്ച 40 യുഎസ് പൗരന്മാര് ജപ്പാനിലുള്ള ആശുപത്രിയില്‍ ചികിത്സയിലാണെന്നും യുഎസ് അധികൃതര്‍ പറഞ്ഞു. കപ്പലിലെ മുന്‍ യാത്രക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് ജപ്പാന് തീരത്ത് ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പല്‍ പിടിച്ചിട്ടത്. ഫെബ്രുവരി ആദ്യമാണ് കപ്പല്‍ പിടിച്ചിട്ടത്. പിന്നാലെ തന്നെ തങ്ങളുടെ പൗരന്മാരെ നാട്ടില്‍ തിരികെ എത്തിക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. തിരിച്ചു കൊണ്ടുവന്ന 400 പൗരന്മാരെ 14 ദിവസത്തേയ്ക്ക് പ്രത്യേകം നിരീക്ഷിക്കും. വിവിധ സര്‍ക്കാരുകളും തങ്ങളുടെ പൗരന്മാരെ കപ്പലില്‍ നിന്ന് പുറത്തെത്തിക്കാനുള്ള നീക്കങ്ങള്‍ നടത്തിവരികയാണ്. ഇതേ കപ്പലിലുള്ള അഞ്ചു ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. യാത്രക്കാരും ജീവനക്കാരുമുള്‍പ്പെടെ ആകെ 138 ഇന്ത്യക്കാരാണ് ഡയമണ്ട് പ്രിന്‍സസിലുള്ളത്.
0 Comments