ലഹരി മാഫിയകളെ കുരുക്കാന്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ 18 ക്യാമറകള്‍ സ്ഥാപിക്കും


കാഞ്ഞങ്ങാട്: ലഹരി മയക്കുമരുന്ന് മാഫികളുടെ വിഹാരകേന്ദ്രമായ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ലഹരി വില്‍പ്പനയും സാമൂഹ്യദ്രോഹ പ്രവര്‍ത്തനങ്ങളും തടയാന്‍ ഫ്‌ളാറ്റ്‌ഫോമിലും പരിസരപ്രദേശങ്ങളിലും 12 ക്യാമറകള്‍ സ്ഥാപിച്ചു. ആകെ 18 ക്യാമറകളാണ് ഇവിടെ സ്ഥാപിക്കുക. ബാക്കിയുള്ള 6 ക്യാമറകള്‍ ഉടന്‍തന്നെ സ്ഥാപിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
റെയില്‍വേ പോലീസ് സ്റ്റേഷന്‍ ഇല്ലാത്തതിനാല്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നുകൊണ്ട് ക്യാമറ പ്രവര്‍ത്തനം നിരീക്ഷിക്കാനാണ് പദ്ധതി. നിലവില്‍ ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെ ഒരു പോലീസുകാരന്‍ മാത്രമാണ് ഇവിടെ എയ്ഡ്‌പോസ്റ്റ് ഡ്യൂട്ടിക്കുള്ളത്. വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും ജില്ലയില്‍ രണ്ടാംസ്ഥാനത്തുള്ള കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ മതിയായ സുരക്ഷാസംവിധാനമില്ലാത്തതിനാല്‍ വ്യാപകമായ പരാതി ഉയര്‍ന്നുവന്നിരുന്നു. സന്ധ്യമയങ്ങിയാല്‍ റെയില്‍വേ സ്റ്റേഷനും പരിസരവും ലഹരി, ഭീക്ഷാടന മാഫികളുടെ കൈകളിലാണ്.
സ്ത്രീകളും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെ സന്ധ്യകഴിഞ്ഞാല്‍ ഇതുവഴി വണ്ടിയിറങ്ങിവരാന്‍ ഭയപ്പെടുന്നു. ഇതിനുമുമ്പും നിരവധിപേര്‍ ഇവിടെ അക്രമിക്കപ്പെട്ടിട്ടുണ്ട്. നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നതോടെ സാമൂഹ്യവിരുദ്ധരുടെയും ലഹരിമാഫികളുടെയും വിളയാട്ടം തടയാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Post a Comment

0 Comments