കൂട്ടബലാത്സംഗം: കേസ് ഒതുക്കാന്‍ 15 ലക്ഷം ആവശ്യപ്പെട്ടു; ചര്‍ച്ച തുടരുന്നു


ബിരിക്കുളം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത സംഭവം ഒതുക്കിതീര്‍ക്കാന്‍ തിരക്കിട്ട ശ്രമം തുടങ്ങി. ഇതിനിടെ കുട്ടിയെ പീഡിപ്പിച്ച യുവാവ് ഗള്‍ഫിലേക്കും പ്രായപൂര്‍ത്തിയാവാത്ത സുഹൃത്ത് ബാംഗ്ലൂരിലേക്കും മുങ്ങിയതായി സൂചന.
മടിക്കൈ സ്വദേശിനിയായ പെണ്‍കുട്ടിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. മടിക്കൈ സ്വദേശിതന്നെയായ യുവാവ് വിവാഹവാഗ്ദാനം നല്‍കിയാണ് സുഹൃത്തിനോടൊപ്പം പെണ്‍കുട്ടിയെ കാറില്‍കയറ്റിക്കൊണ്ടുപോയി പലവട്ടം ബലാത്സംഗത്തിന് ഇരയാക്കിയത്. എന്നാല്‍ ശാരീരിക ആസ്വാസ്ഥ്യം പ്രകടിപ്പിച്ച പെണ്‍കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനത്തിനിരയായ വിവരം പെണ്‍കുട്ടി ഡോക്ടറോട് വെളിപ്പെടുത്തിയത്. ഡോക്ടര്‍ സംഭവം പരിയാരം പോലീസിനെ അറിയിക്കുകയും പോലീസ് കുട്ടിയില്‍ നിന്ന് മൊഴിയെടുക്കുകയും പ്രാഥമിക അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് പ്രതികള്‍ ഉപയോഗിച്ച കാറും ഒരുബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ പ്രതികളില്‍ ഒരാളുടെ മാതാപിതാക്കള്‍ സജീവപാര്‍ട്ടി പ്രവര്‍ത്തകരും ഇരയായ പെണ്‍കുട്ടിയും പ്രതികളും ബന്ധുക്കളുമായതിനാലാണ് സംഭവം ഒതുക്കിതീര്‍ക്കാന്‍ ശ്രമം തുടങ്ങിയത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കേസ് ഒതുക്കാന്‍ 15 ലക്ഷം ആവശ്യപ്പെട്ടുവെന്നാണ് പറയുന്നത്. കാശ് കൊടുക്കാം പക്ഷേ ഇത്രയും ഭീമമായ തുക താങ്ങാന്‍ കഴിയില്ലെന്നാണ് യുവാക്കളുടെയും ബന്ധുക്കളുടെയും നിലപാട്. ഇതുസംബന്ധിച്ച് ചര്‍ച്ച തുടരുകയാണ്. ഇതിനിടയില്‍ യുവാക്കളും ബന്ധുക്കളും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയിട്ടുണ്ട്.

Post a Comment

0 Comments