കൊറോണയില്‍ മരണസംഖ്യ ഉയരുന്നു; ചൈനയില്‍ മാത്രം മരിച്ചത് 1,500


ബെയ്ജിംഗ്: കൊവിഡ് 19 (കൊറോണ വൈറസ് ) ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1,500 കവിഞ്ഞു. രോഗം ബാധിച്ച് ഇന്നലെ 116 പേര്‍ ചൈനയില്‍ മരിച്ചു. 70,500 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് ഇന്നലെ ജപ്പാനില്‍ 80 വയസുകാരി മരിച്ചിരുന്നു. ജപ്പാനിലെ ആദ്യ കൊറോണ മരണമാണിത്. ചൈനയ്ക്ക് പുറത്ത് കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ജപ്പാന്‍. ഹോങ്കോങ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലും ഒരോ മരണം വീതം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കൊറോണ ഭീഷണി കാരണം ജപ്പാന്‍ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെ ഇന്ത്യക്കാര്‍ക്ക് സഹായം എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു. ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ രോഗികളായ രണ്ട് ഇന്ത്യക്കാരെ ജപ്പാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികള്‍ വിലയിരുത്തിവരുന്നതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ മൂന്ന് കേസുകള്‍ ഒഴിച്ചാല്‍ രാജ്യത്ത് എവിടെയും കൊറോണ സ്ഥിരീകരിച്ചിട്ടില്ലെന്നും ഹര്‍ഷവര്‍ധന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം,ലോകമാകെ വന്‍ ഭീതി പരത്തിയ കൊറോണ വൈറസ്ബാധയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്ന് ആശ്വാസ വാര്‍ത്തകളാണ് വരുന്നത്. രോഗബാധയെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിയെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. വിദ്യാര്‍ത്ഥിയുടെ പരിശോധനാ റിപ്പോര്‍ട്ടുകളെല്ലാം തുടര്‍ച്ചയായി നെഗറ്റീവായതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെങ്കിലും വിദ്യാര്‍ത്ഥി ഈ മാസം 26 വരെ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും.

Post a Comment

0 Comments