ദേശീയപാത വികസനം: വ്യാപാരികള്‍ ആശങ്കയില്‍; ജില്ലയില്‍ ഒഴിഞ്ഞുപോകേണ്ടത് 1300 വ്യാപാരികള്‍



നീലേശ്വരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഒഴിഞ്ഞുപോകേണ്ട 1300 ഓളം വ്യാപാരികള്‍ ആശങ്കയില്‍.
കടയൊഴിയുന്നതിന്റെ പുനരധിവാസത്തിനുള്ള അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ വൈകുന്നതാണ് വാടകക്കാരെയും വ്യാപാരികളെയും ആശങ്കയിലാക്കിയിരിക്കുന്നത്.
ഭൂമി വിട്ടുകൊടുത്തവര്‍ക്കുള്ള നഷ്ടപരിഹാരത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് വാടക കെട്ടിടങ്ങള്‍ ഒഴിഞ്ഞുപോകേണ്ടിവരുന്നവരുടെ പുനരധിവാസവും വൈകുന്നത്. ദേശീയ പാതയിലുള്ള ഗ്യാരേജുകള്‍, റസ്റ്റോറന്റകള്‍, ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങള്‍ വര്‍ഷങ്ങളായി വാടകക്ക് താമസിക്കുന്നവര്‍, തൊഴില്‍ നഷ്ടപ്പെടുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പുനരധിവാസം .ഇവരുടെ പുനരധിവാസം സംബന്ധിച്ചാണ് സര്‍ക്കാര്‍ നടപടികള്‍ മന്ദഗതിയില്‍ പോകുന്നത്.
1050 ഓളം പേരാണ് പുനരധിവാസ പാക്കേജ് സഹായം തേടി ദേശീയപാത സ്ഥലമെടുപ്പ് വിഭാഗം സ്‌പെഷല്‍ ഡെപ്യൂട്ടി കളക്ടര്‍ മുമ്പാകെ അപേക്ഷ നല്‍കിയിട്ടുള്ളത്. ലാന്റ് അക്വിസിഷന്‍ ഡപ്യൂട്ടി കളക്ടര്‍ക്കാണ് പുനരധിവാസ പാക്കേജ് നടപടികളുടെ ചുമതല. പുനരധിവാസ പാക്കേജ് അപേക്ഷകളിന്മേല്‍ ഇതുവരെയായി തീരുമാനമെടുത്തിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ 2 ലക്ഷം രൂപ ഷിഫ്റ്റിംഗ് ചാര്‍ജ് ഇനത്തില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ദേശീയപാതയ്ക്ക് വേണ്ടി ഭൂമി വിട്ടുകൊടുത്തവര്‍ക്ക് തന്നെ കോടിക്കണക്കിനു രൂപ ഇനിയും കൊടുത്തു തീര്‍ക്കാനുണ്ട്.
ദേശീയപാത വികസനത്തിന് വിട്ടുകൊടുത്ത ഭൂമിയിലെ കെട്ടിടങ്ങളില്‍ വ്യാപാരം നടത്തുന്നവരെ അധികൃതര്‍ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കുകയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് അനുവദിക്കാത വ്യാപാരികളെ വഴിയാധാരമാക്കുന്ന നടപടി തുടരുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് പറഞ്ഞു.

Post a Comment

0 Comments