കൊറോണ: മരണം 1090, രോഗബാധിതര്‍ 45,000; ചൈനീസ് പ്രസിഡന്റിനും പരിശോധന


ബെയ്ജിംഗ് : ലോകത്തെ ഞെട്ടിച്ച് ചൈനയില്‍ കനത്ത നാശം വിതയ്ക്കുന്ന കൊറോണാ ആക്രമണത്തില്‍ മരണസംഖ്യ 1100 നടുത്ത്. 45,000 പേരെ ഇതുവരെ വൈറസ് ബാധിച്ചു. മാരകമായി ഇതുവരെ കരുതിയിരുന്ന സാര്‍സ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണത്തെ കൊറോണാ മരണം മറികടന്നു.
ഹുബായ് പ്രവിശ്യയില്‍ മാത്രം 105 പേര്‍ മരണമടഞ്ഞു. ഫെബ്രുവരി മാസം 10 വരെ മാത്രം 108 കൊറോണാ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദിനംപ്രതി മരണനിരക്ക് കൂടി വരികയാണ്. ഹെയ്‌ലോംഗ് ജിയാംഗ്, അന്‍ഹുയി, ഹെനാന്‍ പ്രവിശ്യകളിലും ടിയാന്‍ജിന്‍, ബെയ്ജിംഗ് എന്നീ നഗരങ്ങളിലും രോഗബാധയെ തുടര്‍ന്നുള്ള പ്രതിസന്ധി രൂപപ്പെട്ടു. ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിങ്ങും രോഗ പരിശോധനയ്ക്ക് വിധേയനായി. ഇന്നലെ ഇദ്ദേഹത്തിന്റെ താപനില ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധിച്ചു. എന്നിരുന്നാലും ഫേസ്മാസ്‌ക്കും മറ്റും വെച്ച് അദ്ദേഹം രോഗികളെയും ആരോഗ്യപ്രവര്‍ത്തകരെയും സന്ദര്‍ശിച്ചു.
ഇന്നലെവരെ രോഗബാധിതരായ 3,996 പേരെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു. കൊറോണ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടെങ്കിലും ചൈനയിലെ തൊഴില്‍മേഖല ഇന്നും സജീവമാണ്. രോഗബാധയുടെ പശ്ചാത്തലത്തില്‍ ചൈനയ്ക്ക് സാങ്കേതിക സഹായം നല്‍കുമെങ്കിലൂം പുതിയ വായ്പ അനുവദിക്കാന്‍ കഴിയില്ലെന്ന് ലോകബാങ്ക് വ്യക്തമാക്കി. അതിനിടയില്‍ അമേരിക്കയിലെ കാലിഫോര്‍ണിയയിലും കൊറോണാ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സാന്‍ഡിയാഗോയിലാണ് ഇത്.

Post a Comment

0 Comments