കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ടിന്റെ കീഴില്‍ നടത്തിയ ക്യാമറ ഓപ്പറേഷനില്‍ നിയമം ലംഘിച്ച് വാഹനമോടിച്ചതിന് ഒന്നരമാസംകൊണ്ട് കുടങ്ങിയത് 1050 പേര്.
കര്‍ശനമായ നിയമനടപടികളിലൂടെ റോഡപകടങ്ങള്‍ കുറയ്ക്കുക എന്നലക്ഷ്യമാണ് മോട്ടോര്‍ വാഹനവകുപ്പിനുള്ളത്. ഇതിനായി റോഡരികില്‍ പലസ്ഥലങ്ങളിലായി സ്ഥാപിച്ച ക്യാമറകളിലാണ് നിയലംഘനം നടത്തിയതിന് 1050 പേര് കുടുങ്ങിയത്. ഇതിലൂടെ പിഴയിനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്കെത്തിയത് 4,22,000 രൂപയും. ഹെല്‍മെറ്റ് ധരിക്കാതെയുള്ള യാത്ര, കൂളിങ്ങ് ഫിലിം ഒട്ടിക്കല്‍, സീറ്റ് ബെല്‍റ്റ് ഇടാതെയുള്ള യാത്ര, നിയമാനുസൃതമല്ലാത്ത നമ്പര്‍പ്ലേറ്റ്, മാറ്റിഘടിപ്പിച്ച സൈലന്‍സറുകള്‍ തുടങ്ങിയ കുറ്റങ്ങളാണ് ക്യാമറകണ്ണുകള്‍ ഒപ്പിയെടുത്തത്. വാഹന ഉടമകള്‍ക്ക് നിഷേധിക്കാന്‍ പറ്റാത്ത ക്യാമറ ഫോട്ടോ അടക്കമുള്ള ഡിജിറ്റലായ തെളിവുകള്‍ സഹിതം 'തേര്‍ഡ് ഐ' എന്ന പ്രത്യേക സോഫ്റ്റ് വേര് വഴി നോട്ടീസയച്ചാണ് കുറ്റക്കാരില്‍നിന്ന് പിഴ ഈടാക്കിയത്.
ഏതു സ്ഥലത്തെ ക്യാമറ ഏതുസമയത്താണ് കുറ്റകൃത്യം കണ്ടെത്തിയത് തുടങ്ങിയ കൃത്യമായ കാര്യങ്ങളും നോട്ടീസിലുണ്ടാകും. കൂടാതെ 'താങ്കളുടെ ജീവന് വളരെ വിലപ്പെട്ടതാണ്. സുരക്ഷിതമായി റോഡ് ഉപയോഗിക്കൂ എന്ന സന്ദേശവും' നോട്ടീസില്‍ നല്‍കുന്നുണ്ട്.
സാധാരണ നടക്കുന്ന വാഹനപരിശോധനയില്നിന്ന് വിദഗ്ധമായി ഒഴിഞ്ഞുമാറി പോകുന്നവരാണ് കൂടുതലും ക്യാമറയില്‍ കുടുങ്ങിയത്. അതുകൊണ്ടുതന്നെ നോട്ടീസ് അയച്ച കൂടുതല്‍ വാഹനങ്ങളുടെയും രേഖകള്‍ കാലാവധി തീര്‍ന്നവയായിരുന്നു. നിശ്ചിത കാലാവധിക്ക് രേഖകള്‍ പുതുക്കാതെ ഒളിച്ചുകഴിയുന്നവരായിരുന്നു മിക്കവരും. കാഞ്ഞങ്ങാട് ജോയിന്റ് ആര്.ടി.ഒ. എച്ച്.എസ് ചഗ്ലയുടെ നേതൃത്വത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ വി.അനില്‍കുമാര്‍, കെ.ആര്.പ്രസാദ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ വി.രമേശന്, സി.എ.പ്രദീപ് കുമാര്‍, സജി ജോസഫ് എന്നിവരാണ് ക്യാമറ ഓപ്പറേഷന് നടത്തിയത്. വരുംദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാനാണ് തീരുമാനമെന്ന് ജോയിന്റ് ആര്.ടി.ഒ. അറിയിച്ചു.
0 Comments