കൊറോണ: മരണം 1000


ബെയ്ജിങ്ങ്: കൊറോണ വൈറസ് ഭീതിയില്‍ ലോകം വിറങ്ങലിച്ച് നില്‍ക്കെ ചൈനയില്‍ മരണസംഖ്യ 1000 എത്തി.
ഇതുവരെ 40,000 ത്തിലധികം പേര്‍ക്കാണ് രോഗബാധ സ്ഥികരീകരിച്ചിരിക്കുന്നത്. 2002-03 ല്‍ ലോകത്തെ വിറപ്പിച്ച സാര്‍സ് ബാധയെ തുടര്‍ന്നുണ്ടായ മരണസംഖ്യയേയും കൊറോണ വൈറസ് മറികടന്നു. വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബേയ് പ്രവിശ്യയില്‍ ഏറ്റവും ഒടുവില്‍ 98 പേരാണ് മരണമടഞ്ഞത്. സാര്‍സ് വൈറസ് 774 പേരുടെ ജീവനാണ് കവര്‍ന്നത്.
അവസാന കണക്കുകള്‍ പ്രകാരം കഴിഞ്ഞ നാലു ദിവസങ്ങളായി പുതിയതായി റിപ്പോര്‍ട്ടു ചെയ്യുന്ന രോഗികളുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ടെന്ന് ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും ഓരോ ദിവസവും വര്‍ദ്ധിക്കുകയാണ്.
ഹുബേയിലും വുഹാനിലും അതിഗുരുതരമാണ് സ്ഥിതിയെന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന. ലോകാരോഗ്യ സംഘടനയുടെ അന്താരാഷ്ട്ര എക്‌സ്‌പേര്‍ട്ട് മിഷന്‍ ചൈനയിലേയ്ക്ക് അയച്ചതായി ഡയറക്ടര്‍ ജനറല്‍ ടെഡ്‌റോസ് അദാനോം ഗേബ്രേയ്‌സസ് ട്വിറ്ററില്‍ വ്യക്തമാക്കി.
ബ്രൂസ് ആലിവാഡിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചൈനയിലേക്ക് എത്തുന്നത്.

Post a Comment

0 Comments