നീലേശ്വരം : പുറംകടലില്‍ മീന്‍ പിടിക്കുന്നതിനിടെ ബന്ധു മരിച്ചതറിഞ്ഞു വീട്ടിലേക്കു മടങ്ങാന്‍ സഹായം തേടിയ ബോട്ട് തൊഴിലാളിയെ വള്ളക്കാര് കരയ്ക്കെത്തിച്ചു.
ബേപ്പൂരിലെ മൊയ്തീന്റെ ഉടമസ്ഥതയിലുള്ള സെല്‍വ എന്ന ബോട്ടിലെ തൊഴിലാളി തമിഴ്നാട് പൂന്തുറ സ്വദേശി ബ്രൈറ്റിനെയാണ് അജാനൂര്‍ കടപ്പുറത്തെ അയോധ്യ ഫൈബര്‍ വള്ളക്കാര് കരയിലെത്തിച്ചത്. ഇന്നുരാവിലെ ഏഴോടെയാണ് ബോട്ടില്‍ നിന്നു വള്ളത്തിലേക്ക് സഹായാഭ്യര്‍ത്ഥന പോയത്. കോസ്റ്റല്‍ പോലീസിനെ വിവരമറിയിച്ച ശേഷം ബ്രൈറ്റിനെ വള്ളത്തില്‍ കയറ്റി ഒന്‍പതു മണിയോടെ നീലേശ്വരം അഴിത്തല കോസ്റ്റല്‍ പോലീസിന്റെ ബോട്ടുജെട്ടിയിലെത്തിച്ചു. വിവരങ്ങള്‍ ശേഖരിച്ച ശേഷം പോലീസ് തന്നെ ഇദ്ദേഹത്തെ ബസ് കയറ്റി വിടുകയും ചെയ്തു. ബേപ്പൂരില്‍ എത്തിയ ശേഷം അവിടെ നിന്നു നാട്ടിലേക്കു തിരിക്കും. അയോധ്യ വള്ളത്തിലെ ബാലു, അനീഷ്, അജീഷ്, സുമിത്ത് എന്നിവര്‍ ചേര്‍ന്നാണ് ബ്രൈറ്റിനെ കരയിലെത്തിച്ചത്. പോലീസും നാട്ടുകാരും സഹപ്രവര്‍ത്തകരും ഇവരെ അഭിനന്ദിച്ചു.
0 Comments