ബന്തടുക്ക- ബളാംതോട് റോഡ് നവീകരണത്തിന് ഭരണാനുമതി


കാസര്‍കോട്: പനത്തടി ഗ്രാമപഞ്ചയാത്തിലൂടെ കടന്നുപോകുന്ന ബന്തടുക്ക-വീട്ടിയാടി-ചാമുണ്ഡിക്കുന്ന്-ബളാംതോട് റോഡ് നവീകരണത്തിനായി കാസര്‍കോട് വികസന പാക്കേജ് ജില്ലാതല സമിതി ഭരണാനുമതി നല്‍കി.
4.98 കോടി രൂപയാണ് ഈ പദ്ധതിയ്ക്കായി വകയിരുത്തിയിട്ടുളളത്. ബന്തടുക്കയില്‍ നിന്നും ആരംഭിച്ച് ബളാംതോട് ജംഗ്ഷന്‍ വരെ നീണ്ടുകിടക്കുന്ന 9.2 കി.മീ. നീളമുളള റോഡിന്റെ ഉപരിതലം വാഹനഗതാഗതത്തിന് അനുയോജ്യമല്ലാത്ത സാഹചര്യമായതിനാല്‍ മേല്‍ റോഡിന്റെ നവീകരണം പൊതുജനങ്ങള്‍ വളരെക്കാലമായി ആവശ്യപ്പെട്ടുവരികയായിരുന്നു. ഈ റോഡിന്റെ 4.7 കി.മീ.മുതല്‍ ബളാംതോട് ജംഗ്ഷന്‍ വരെ നീണ്ടു നില്‍ക്കുന്ന 4.5 കി.മീ. നീളത്തില്‍ ബി.എം & ബി.സി പോലുളള ഘടനാപരമായ പാളികള്‍ ഉപയോഗിച്ച് റോഡ് നവീകരിക്കുന്ന രീതിയിലാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുളളത്. പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ആയിട്ടുളള ഈ പദ്ധതിയില്‍ സ്ലാബ് കള്‍വര്‍ട്ട്, കോണ്‍ക്രീറ്റ് നിര്‍മ്മിത ജലനിര്‍ഗ്ഗമന സംവിധാനം, സൈന്‍ബോര്‍ഡുകള്‍ തുടങ്ങിയവ സ്ഥാപിക്കുന്നുണ്ട്. 330 മി.മീ. ഘനവും 5.5 മീറ്റര്‍ കാരേജ്‌വേ വീതിയുളള ഈ റോഡിന്റെ നവീകരണം പൂര്‍ത്തിയായാല്‍ ഈ പ്രദേശത്തിലെ സാമൂഹിക-വ്യാവസായിക വികസനത്തിന് ഇത് വളരെ അധികം സഹായകരമാകും. കൂടാതെ ആകെയുളള 4.5 കി.മീ. നീളത്തില്‍ 1 കി.മീ. ഷ്രെഡ്രഡ് പ്ലാസ്റ്റിക് ഉപയോഗിച്ച് ടാര്‍ ചെയ്യാനാണ് തീരുമാനിച്ചിട്ടുളളത്. ബിറ്റുമിനസ് മിശ്രിതത്തോടൊപ്പം പ്ലാസ്റ്റിക് മാലിന്യവും ചേര്‍ത്ത് റോഡ് നിര്‍മ്മിക്കുന്ന രീതിയാണിത്. പ്ലാസ്റ്റിക് റോഡ് നിര്‍മ്മാണം' മാലിന്യ പ്ലാസ്റ്റിക് മാനേജ്‌മെന്റിന് വളരെയധികം ഗുണകരവും ഗ്രീന്‍ പ്രോട്ടോകോളിനെ ശക്തിപ്പെടുത്തുന്നതുമാണ്.
ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അധ്യക്ഷനായ കാസര്‍കോട് വികസന പാക്കേജ് ജില്ലാതല സമിതിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്.
യോഗത്തില്‍ സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജമോഹന്‍, പൊതുമരാമത്ത് റോഡ്‌സ് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വിനോദ് കുമാര്‍ മറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments