ശബരിമല യുവതീപ്രവേശം: വിഷയങ്ങള്‍ തീരുമാനിക്കാന്‍ മൂന്നാഴ്ച സമയം


ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശ വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികളിലും റിട്ട് ഹര്‍ജികളിലും വാദം കേള്‍ക്കില്ലെന്നു സുപ്രീം കോടതി. യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന നിയമപ്രശ്‌നങ്ങള്‍ സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്. അതേസമയം, വിശാല ബെഞ്ചിലേക്കു വിഷയം വിട്ടതിനെ ചോദ്യം ചെയ്ത് അഭിഭാഷക ഇന്ദിരാ ജെയ്‌സിങ് വാദിച്ചു.
പുനഃപരിശോധനാ ഹര്‍ജികളില്‍ ഭൂരിപക്ഷ വിധി തെറ്റെന്നു പ്രഖ്യാപിക്കണം. എന്തിനാണ് ഒമ്പതംഗ ബെഞ്ച് രൂപീകരിച്ചതെന്ന് വ്യക്തല്ല. ശിരൂര്‍ മഠം കേസ് ഏഴംഗ ബെഞ്ച് പരിഗണിച്ചതിനാലാണ് ശബരിമല വിഷയം ഒന്‍പതംഗ ബെഞ്ചിലേക്ക് വിട്ടത്. എന്നാല്‍ ശിരൂര്‍ മഠം കേസിലെ വിധിയെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും ജെയ്‌സിങ് വ്യക്തമാക്കി. അതേസമയം, ഇന്നത്തെ വാദം പൂര്‍ത്തിയായി. വാദത്തിന്റെ വിഷയങ്ങള്‍ തീരുമാനിക്കാന്‍ മൂന്നാഴ്ചത്തെ സമയം അനുവദിച്ചു. അതിനുശേഷം മൂന്നോ നാലോ ദിവസത്തിനകം വാദം തുടങ്ങും. ചോദ്യങ്ങള്‍ പുനഃക്രമീകരിക്കാന്‍ ജനുവരി 17ന് സോളിസിറ്റര്‍ ജനറലോട് വിവിധ കേസുകളില്‍ ഹാജരാകുന്ന അഭിഭാഷകരുടെ യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടു. എല്ലാ കക്ഷികളും ഒരേ കാര്യം വാദിക്കരുതെന്നും ധാരണയിലെത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
അതിനിടെ, കേസില്‍ കക്ഷി ചേരാന്‍ അഭിഭാഷകന്‍ രാജീവ് ധവാനെ കോടതി അനുവിച്ചു. ദാവൂദി ബോറ വിഭാഗത്തെ ബാധിക്കുന്ന ഹര്‍ജികളും കേള്‍ക്കണമെന്നു കേന്ദ്രം ആവശ്യെപ്പെട്ടു. ദാവൂദി ബോറ വിഭാഗത്തെ ബാധിക്കുന്ന ഹര്‍ജികള്‍, പാര്‍സി സത്രീകളുടെ ചേലാകര്‍മ്മം ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍, മുസ്‌ലിം സ്ത്രീകളുടെ ഹര്‍ജികള്‍ എന്നിവയും കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വാദം നടത്താന്‍ കൂടുതല്‍ സമയം വേണമെന്ന് അഭിഷേക് മനു സ്വിങ്‌വി ആവശ്യപ്പെട്ടു. പുതിയ ആരെയും കക്ഷി ചേര്‍ക്കില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.
മതാചാരങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമുണ്ടോ എന്നതുള്‍പ്പെടെ ഏഴു ചോദ്യങ്ങളിലാണു ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ വിശാല ബെഞ്ച് വാദം കേള്‍ക്കുക. ഒമ്പതംഗ ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തിലായിരിക്കും ശബരിമല യുവതി പ്രവേശത്തിനെതിരായ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തീരുമാനമെടുക്കുക. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച ഭരണഘടന ബെഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് പൊതുവായ നിയമപ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നത്. ഈ ചോദ്യങ്ങള്‍ വിശാല ബെഞ്ച് പരിഗണിക്കാനും അതുവരെ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണനയില്‍ നിലനിര്‍ത്താനും മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഭൂരിപക്ഷ വിധിയിലൂടെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലിവിലെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ നേതൃത്വത്തില്‍ ഒമ്പതംഗ ബെഞ്ച് രൂപീകരിച്ചത്. ഈ ബെഞ്ച് ആദ്യമായാണ് ഇന്ന് കേസ് പരിഗണിക്കുന്നത്.

Post a Comment

0 Comments