കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ പട്ടികജാതിപട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് നേരെ ജാതീയ വിവേചനവും അതിക്രമങ്ങളും താരതമ്യേന കുറവാണെന്ന് സംസ്ഥാന പട്ടികജാതിപട്ടികഗോത്രവര്ഗ കമ്മീഷന് ചെയര്മാന് ബി എസ് മാവോജി പറഞ്ഞു.
മറ്റു ജില്ലകളെ അപേക്ഷിച്ച് കാസര്‍കോട് ജാതീയ വിഭജനം കുറവും വിവിധ വിഭാഗങ്ങള്‍ സൗഹാര്‍ദപരമായാണ് അധിവസിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പട്ടികജാതിപട്ടികവര്‍ഗ പരാതി പരിഹാര അദാലത്തിന് നേതൃത്വം നല്കി സംസാരിക്കുകയായിരുന്നു കമ്മീഷന് ചെയര്മാന്. അദാലത്തില്‍ അതിക്രമം, ജാതീയ വിവേചനം, അടിപിടി തുടങ്ങിയ പരാതികള്‍ കുറവാണ്. ഇത് ജില്ലയിലെ സാമുദായിക സൗഹാര്‍ദത്തെയാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അദാലത്തില്‍ 111 പരാതികളാണ് പരിഗണിച്ചത്. അതില്‍ 92 പരാതികള്‍ തീര്‍പ്പാക്കി. ബാക്കിയുള്ളവയില്‍ ബന്ധപ്പെട്ട അധികാരികളോട് കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂമിയിടപാടുകള്‍, കൈവശാവകാശം, പട്ടയം തുടങ്ങിയ വിഭാഗങ്ങളിലായിരുന്നു കൂടുതല്‍ പരാതികള്‍. കൈവശാവകാശവുമായി ബന്ധപ്പെട്ട പരാതിയില്‍ ഈ മാസം 27 ന് കാസര്‍കോട് താലൂക്ക് പട്ടയമേള സംഘടിപ്പിക്കുന്നുണ്ടെന്നും 200ഓളം പേര്‍ക്ക് പട്ടയം വിതരണം ചെയ്യുമെന്നും ആര്‍ഡിഒ പറഞ്ഞു. ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിക്കുന്നതായി ഉന്നയിച്ച പരാതി അന്വേഷിക്കുന്നതിനായി ബന്തടുക്ക മേഖലയിലെ ക്ഷേത്രത്തിലേക്ക് അധികൃതരെ അയക്കുമെന്ന് കമ്മീഷന് അംഗം മുന്‍ എംപി എസ് അജയകുമാര്‍ പറഞ്ഞു. കൊറഗ വിഭാഗത്തിന് ശ്മശാനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിഭാഗത്തില്‍ നിന്നുള്ള ഒരു വ്യക്തി ആവശ്യമുന്നയിച്ചതായും ഇതിന് പിന്നിലെ താല്പര്യം വ്യക്തമല്ലെന്നും ജാതീയമായ ശ്മശാനം പുരോഗമനപരമായ സമൂഹത്തില്‍ സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്സി/എസ്ടി പ്രൊമോട്ടര്‍മാര്‍, വികസന ഓഫീസര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പട്ടികജാതിപട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ബാങ്കിങ് നടപടിക്രമങ്ങളെ കുറിച്ച് അവബോധം ആവശ്യമാണെന്ന് കമ്മീഷന് അംഗം എസ് അജയകുമാര്‍ പറഞ്ഞു. വായ്പകളെടുത്ത് തിരിച്ചടക്കാത്തതിനാലും, അതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഈ വിഭാഗങ്ങള്‍ക്ക് ലഭ്യമല്ലാത്തതിനാലും ജപ്തി നടപടികള്‍ക്കെതിരേ പരാതികള്‍ വരുന്നതായും ഇതിനെതിരേ പ്രായോഗികമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് മിഷനില്‍ അര്‍ഹരായ പലരും തഴയപ്പെട്ടതായി പരാതി ഉന്നയിച്ചിട്ടുണ്ട്. ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അദാലത്തില്‍ കമ്മീഷന് രജിസ്ട്രര്‍ പി ഷെര്‍ലി, അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ ഷീബ, പരാതിക്കാരുടെ എതിര് കക്ഷികളായി വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments