മംഗലാപുരം അക്രമകേസുകളില്‍ മലയാളികളെ പ്രതികളാക്കരുത്


കാഞ്ഞങ്ങാട്: പൗരത്വഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 19 ന് മംഗലാപുരത്ത് നടത്തിയ പ്രതിഷേധ റാലിക്കെതിരെ ഉണ്ടായ പോലീസ് വെടിവെപ്പും അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നിരപരാധികളായ മലയാളികളെ കേസില്‍പെടുത്തി അറസ്റ്റ് ചെയ്യാനുള്ള കര്‍ണ്ണാടക പോലീസിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് മാനവസൗഹൃദവേദി കര്‍ണ്ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ട് പ്രശ്‌ന പരിഹാരം ഉണ്ടാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോടും, ജില്ലയുടെ ചുമതലയുള്ള മന്ത്രി ഇ.ചന്ദ്രശേഖരനോടും സമിതി യോഗം ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ കാസര്‍കോട് ജില്ലയിലെ രണ്ടായിരത്തോളം പേര്‍ക്ക് മംഗലാപുരം പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ കേസ് അന്വേഷിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ ടീം ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബര്‍19 ന് മംഗലാ പുര ത്തെ സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും വിവിധ ആവശ്യങ്ങള്‍ക്ക് പോയ ഇവരുടെ പട്ടിക ശേഖരിച്ചാണ് പോലീസ് നോട്ടീസ് അയക്കുന്നത്. നോട്ടീസ് കിട്ടിയവരില്‍ ആര്‍ക്കും സംഭവവുമായി ഒരു ബന്ധവുമില്ല.
വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും ആശുപത്രികളിലും വ്യാപാര സംബന്ധമായും ദിവസേന നൂറു കണക്കിനാളുകള്‍ കാസര്‍കോട് ജില്ലയില്‍ നിന്നും മംഗ്‌ളൂരുവിലേക്ക് എത്തുന്നുണ്ട്. അവരില്‍പ്പെട്ടവര്‍ക്കാണ് ഇപ്രകാരം നോട്ടീസ് ലഭിച്ചിട്ടുള്ളത്. 19 ന് മംഗലാപും നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ അഞ്ച് മൊബൈല്‍ ടവറുകളുടെ പരിധിയിലുണ്ടായിരുന്ന മലയാളികളുടെ ഫോ ണ്‍ നമ്പര്‍ ശേഖരിച്ചും നോട്ടീസുകള്‍ അയച്ചിട്ടുണ്ട്.
പോലീസുകാരെ മാരകായുധമുപയോഗിച്ച് അടിച്ച് പരുക്കേല്‍പ്പിക്കല്‍, വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് പലര്‍ക്കും നോട്ടീസ് ലഭ്യമായത്. മംഗ്‌ളൂരു വെടിവെപ്പിനും അക്രമങ്ങള്‍ക്കും കാരണക്കാര്‍ മലയാളികളാണെന്ന് നേരത്തെ സ്ഥലം സന്ദര്‍ശിച്ച കര്‍ണ്ണാടക മന്ത്രിമാര്‍ പറഞ്ഞിരുന്നുവെങ്കിലും ആര്‍ക്കുമെതിരെ ഒരു തെളിവുമുണ്ടായിരുന്നില്ല.
വേദി ചെയര്‍മാന്‍ പി.നാരായണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് അസ്ലം, എം.സി.ജോസ്, എ. വി. രാമകൃഷ്ണന്‍, സുറൂര്‍ മൊയ്തുഹാജി, എം.ബി. എം.അഷറഫ്, കെ.എം.അബ്ദുറഹിമാന്‍ മാസ്റ്റര്‍, ഡോ.അബ്ദുള്‍ഹാഫിസ്, ബി.എം.മുഹമ്മദ്കുഞ്ഞി, അബ്ദുല്ല പാലായി,പി.പി.കുഞ്ഞബ്ദുള്ള, എം.ബി.ഹനീഫ് എന്നിവര്‍ സംസാരിച്ചു. മംഗലാപുരം പോലീസ് വെടിവെപ്പില്‍ ഉള്‍പ്പെടെ രാജ്യത്ത് പൗരത്വനിയമഭേദഗതി പ്രക്ഷോഭങ്ങളില്‍ പോലീസ് അതിക്രമങ്ങളില്‍പ്പെട്ട് മരിച്ചവരുടെ പേരില്‍ അനുശോചനം രേഖപ്പെടുത്തി മൗനമാചരിച്ച ശേഷമാണ് യോഗനടപടികള്‍ ആരംഭിച്ചത്.

Post a Comment

0 Comments