സമരപ്പന്തലിലെ വാക്കേറ്റം ക്ഷമാപണം നടത്തി ഒതുക്കി


പരപ്പ: പരപ്പ മുണ്ടത്തടം കരിങ്കല്‍ ക്വാറിക്കെതിരെയുള്ള സമരപ്പന്തലില്‍ മലയോരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.പി. ജോസഫിനെ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി കെ.പി.ബാലകൃഷ്ണന്‍ ആക്ഷേപിച്ച സംഭവം ക്ഷമാപണം നടത്തി ഒതുക്കിത്തീര്‍ത്തു.
മുണ്ടത്തടം കരിങ്കല്‍ ക്വാറി സമരസമിതിയുടെ രക്ഷാധികാരിയാണ് എം.പി.ജോസഫ്. കെ.പി.ബാലകൃഷ്ണന്‍ ഉമേശന്‍ വേളൂരിന് പകരം വന്ന സമരസമിതി ചെയര്‍മാനാണ്. ഇതിനിടയില്‍ കെ.പി.ബാലകൃഷ്ണന്റെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച് അന്വേഷണം വേണമെന്ന് കോണ്‍ഗ്രസുകാരില്‍ നിന്നുള്ള ആവശ്യം ശക്തമായി. ചീര്‍ക്കയത്തെ ക്വാറി മുതലാളി മുണ്ടത്തടം സമരത്തിന് പിന്നില്‍ കരുക്കള്‍ നീക്കുന്നതായി സൂചനകളുണ്ടായിരുന്നു. പ്രമുഖ സാമൂഹ്യപ്രവര്‍ത്തക ദയാഭായിയെ സമരപ്പന്തലിലെത്തിക്കാന്‍ ചീര്‍ക്കയം ക്വാറിമുതലാളി ചരടുവലി നടത്തിയിരുന്നതായി പുറത്തുവന്നിട്ടുണ്ട്. ഓരോതവണ പ്രമുഖര്‍ സമരപ്പന്തലിലെത്തുമ്പോഴും പന്തല്‍ താല്‍ക്കാലികമായി വിപുലീകരിക്കുന്നുണ്ട്. ഇതിന്റെ സാമ്പത്തികം സംബന്ധിച്ചും സംശയങ്ങള്‍ ഉയര്‍ന്നിരുന്നു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മുണ്ടത്തടം പ്രദേശങ്ങള്‍ അടങ്ങുന്ന വാര്‍ഡില്‍ നിന്നും കെ.പി.ബാലകൃഷ്ണന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോഴുണ്ടാവുന്ന ചിലവ് വഹിക്കാനും ക്വാറി മുതലാളിയുടെ വാഗ്ദാനമുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

Post a Comment

0 Comments