ഇറാന്‍ കമാണ്ടറെ അമേരിക്ക വധിച്ചു


വാഷിംഗ്ടണ്‍: ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ഇറാനിയന്‍ ചാര തലവന്‍ അടക്കമുള്ള ഏഴ് സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.
ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് കമാന്‍ഡര്‍ ജനറല്‍ കാസിം സുലൈമാനി അടക്കമുള്ള ഏഴ് സൈനിക ഉദ്യോഗസ്ഥരെയാണ് അമേരിക്ക വ്യോമാക്രമണത്തിലൂടെ വധിച്ചത്
. പ്രകോപനങ്ങളില്ലാതെ ട്രംപിന്റെ നിര്‍ദ്ദേശപ്രകാരമുള്ള വ്യോമാക്രമണത്തെ പല ലോകരാജ്യങ്ങളും അപലപിച്ചു. ഇംപീച്ച്‌മെന്റ് നടപടി നേരിടുന്ന ഡൊണാള്‍ഡ് ട്രംപ് സ്വന്തം രാജ്യത്ത് കസേര ഉറപ്പിക്കാനാണ് സൈനിക നടപടി നടത്തിയതെന്ന് വ്യക്തം. ഉന്നതനായ കമാണ്ടറെ വധിച്ചതിലൂടെ ഇറാന്‍ ശക്തമായി തിരിച്ചടിക്കുമെന്നുറപ്പാണ്. ആക്രമണം നടത്തിയ വാര്‍ത്ത പുറത്ത് വന്ന ശേഷം അമേരിക്കന്‍ പതാകയുടെ ചിത്രം ഉള്‍െപ്പടുത്തികൊണ്ടുള്ള ട്രംപിന്റെ ട്വീറ്റ് പുറത്തുവന്നു. താനാണ് വധത്തിന് നിര്‍ദ്ദേശം നല്‍കിയതെന്ന് ലോകത്തെ അറിയിച്ചുകൊണ്ടുള്ള അവകാശവാദമാണിത്.
പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന ഇറാന്റെ പിന്തുണയുള്ള ഇറാഖി പൗരസേനകളുടെ തലവന്‍ അബു മെഹ്ദി മുഹന്ദിസം അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഈ സൈനിക സംഘത്തെ ലക്ഷ്യംവച്ചുകൊണ്ട് ഇന്ന് പുലര്‍ച്ചെയാണ് അമേരിക്കന്‍ സേന റോക്കറ്റ് ആക്രമണം നടത്തിയത്. വിമാനത്താവളത്തില്‍ ആക്രമണം നടത്തിയതായി അമേരിക്ക സ്ഥിരീകരിച്ചിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ബാഗ്ദാദിലുള്ള അമേരിക്കന്‍ എംബസിയ്ക്ക് നേരെ ഇറാഖി പ്രക്ഷോഭകര്‍ കഴിഞ്ഞ ദിവസം പ്രക്ഷോഭം അഴിച്ചുവിട്ടിരുന്നു. അമേരിക്കന്‍ ഡ്രോണ്‍ ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു പ്രക്ഷോഭം നടന്നത്. പ്രക്ഷോഭത്തിനിടെ ഇവര്‍ എംബസിക്കുള്ളിലേക്ക് കയറുകയും അമേരിക്കന്‍ സൈനികരുമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു. ഈ പ്രക്ഷോഭത്തിന് പിന്നില്‍ ഇറാനാണെന്ന് ട്രംപ് ആരോപിച്ചിരുന്നു. ഇതിനുപകരമായാണ് റെവല്യൂഷനറി ഗാര്‍ഡ്‌സ് തലവനെ വധിച്ചുകൊണ്ട് അമേരിക്ക പ്രതികാരം തീര്‍ത്തത്.
ഗള്‍ഫ് മേഖല സംഘര്‍ഷത്തിലേക്ക് നീങ്ങുന്നത് രാജ്യ ത്ത് ഇന്ധനവില കുതിച്ചുയരാന്‍ ഇടയാക്കും. ഇതിന്റെ ദുരന്തഫലം ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ അനുഭവിക്കാന്‍ നിര്‍ബന്ധിതരാവും.

Post a Comment

0 Comments