ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ തോമസ് ചാണ്ടിയുടെ സഹോദരനെ സ്ഥാനാര്‍ഥിയാക്കാനുള്ള ഒരുവിഭാഗത്തിന്റെ നീക്കത്തില്‍ എല്‍.ഡി.എഫില്‍ കടുത്ത അതൃപ്തി. എന്‍.സി.പിയിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പിനൊപ്പം മുന്നണിയിലെ മറ്റു ഘടകകക്ഷികളിലും ഭിന്നാഭിപ്രായം ശക്തമാക്കുകയാണ്. തോമസ് ചാണ്ടിയുടെ ഭാര്യ മേരി ചാണ്ടി അദ്ദേഹത്തിന്റെ സഹോദരന് സ്ഥാനാര്‍ഥിത്വം നല്‍കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി, സി.പി.എം. സംസ്ഥാന സെക്രട്ടറി, എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് എന്നിവര്‍ക്കാണു കത്ത് നല്‍കിയിരിക്കുന്നത്. ഇതിനെതിരേ എന്‍.സി.പിക്കുള്ളിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
എന്‍.സി.പിയില്‍നിന്നു തന്നെ അനുയോജ്യനായ സ്ഥാനാര്‍ഥിയെ കണ്ടെത്തണമെന്ന അഭിപ്രായമാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ പല നേതാക്കള്‍ക്കുമുള്ളത്. തോമസ് ചാണ്ടിയുടെ സഹോദരന് തോമസ് കെ.തോമസിനു പൊതുപ്രവര്‍ത്തന രംഗത്ത് പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലെന്നും തോമസ് ചാണ്ടിക്ക് പകരക്കാരനായി അദ്ദേഹത്തിന്റെ കുടുംബാംഗത്തെ തന്നെ മത്സരിപ്പിക്കണമെന്ന കടുംപിടുത്തം മുന്നണിയുടെ വിജയ സാധ്യതയെ തന്നെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നുമാണ് ഘടകകക്ഷി നേതാക്കള്‍ക്കിടയില്‍ ശക്തമായ അഭിപ്രായം. എല്‍.ഡി.എഫ്. ജില്ലാ കമ്മിറ്റി ചേരുമ്പോള്‍ ഇക്കാര്യത്തില്‍ നിലപാട് തുറന്നു വ്യക്തമാകുമെന്ന് ഇവര്‍ പറയുന്നു.
അതേസമയം സീറ്റ് ഏറ്റെടുക്കണമെന്ന താല്‍പ്പര്യമാണ് കുട്ടനാട്ടിലെ സി.പി.എം നേതാക്കള്‍ക്കുള്ളത്. ആരോഗ്യപരമായ കാരണങ്ങളാലും മറ്റും തോമസ് ചാണ്ടി എം.എല്‍.എ മണ്ഡലത്തില്‍ ദീര്‍ഘകാലമായി സജീവമായിരുന്നില്ല. അക്കാലയളവില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നുയര്‍ന്ന പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്‍ സി.പി.എം ഏറെ പണിപ്പെട്ടിരുന്നു. ഇനി അത്തരമൊരു സാഹചര്യമുണ്ടാക്കരുതെന്ന അഭിപ്രായമാണ് താഴെ തട്ടിലുള്ള പല നേതാക്കള്‍ക്കുമുള്ളത്. അതിനാല്‍ ജനങ്ങള്‍ക്കിടയില്‍നിന്നു പ്രവര്‍ത്തിക്കുന്ന അനുഭവ സമ്പത്തുള്ള സ്ഥാനാര്‍ഥി വേണമെന്നാണ് നേതാക്കളില്‍ പലരുടേയും താല്‍പ്പര്യം. കുട്ടനാട് മണ്ഡലം സി.പി.എമ്മിന് വൈകാരികമായി ബന്ധമുള്ളതാണെന്നും അത് ഏറ്റെടുക്കേണ്ടത് ആവശ്യമാണെന്നും പാര്‍ട്ടി ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലും നിര്‍ദേശമുണ്ടായിരുന്നു. മുന്‍ എം.എല്‍.എ ഡോ. കെ.സി.ജോസഫിനെ ഉയര്‍ത്തിക്കാട്ടി ജനാധിപത്യ കേരള കോണ്‍ഗ്രസും കുട്ടനാടിനുമേല്‍ അവകാശവാദം ഉന്നയിക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ കഴിഞ്ഞതവണ കുട്ടനാട് എന്‍.സി.പിക്കു തന്നെ നല്കി ചങ്ങനാശേരി സീറ്റാണ് എല്‍.ഡി.എഫ്. ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് നല്‍കിയിരുന്നത്. അവിടെ മത്സരിച്ച ഡോ. കെ.സി. ജോസഫ് പരാജയപ്പെടുകയും ചെയ്തിരുന്നു.
0 Comments