നിര്‍ഭയാകേസ്: മരണവാറണ്ട് ഉള്ളതിനാല്‍ പ്രതിയുടെ ഹര്‍ജിയില്‍ ഉടന്‍ നടപടി


ദില്ലി: രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെതിരെ നിര്‍ഭയ കേസ് കുറ്റവാളി മുകേഷ് സിംഗ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമെന്ന് സുപ്രീംകോടതി. ഫെബ്രുവരി ഒന്നിന് മരണവാറണ്ട് ഉള്ളതിനാല്‍ ഹര്‍ജി വേഗത്തില്‍ കേള്‍ക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. മുകേഷ് സിംഗ് നല്‍കിയ ദയാഹര്‍ജി കഴിഞ്ഞ പതിനേഴിനാണ് രാഷ്ട്രപതി തള്ളിയത്. വിശദമായ പരിശോധനയില്ലാതെയാണ് ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതെന്നാണ് സുപ്രീംകോടതിയിലെ ഹര്‍ജിയില്‍ പറയുന്നത്. ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവയ്ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
അതേസമയം മറ്റൊരു പ്രതിയായ വിനയ് ശര്‍മ്മയുടെ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി ദില്ലി പട്യാല ഹൗസ് കോടതി തള്ളിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ വിനയ് ശര്‍മ്മയെ വിഷയം ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നും ഇതിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും ജയില്‍ അധികൃതര്‍ നല്‍കുന്നില്ലെന്നുമായിരുന്നു അഭിഭാഷകന്‍ എപി സിങ്ങ് ദില്ലി പട്യാല ഹൗസ് കോടതിയെ അറിയിച്ചത്. എന്നാല്‍ രേഖകളെല്ലാം കൈമാറിയെന്നും വധശിക്ഷ വൈകിപ്പിക്കാനാണ് പ്രതികള്‍ ശ്രമിക്കുന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് ശരിവെച്ചാണ് വിനയ് ശര്‍മ്മയുടെ ഹര്‍ജി പട്യാല ഹൗസ് കോടതി തള്ളിയത്.

Post a Comment

0 Comments