പൗരത്വ നിയമ ഭേദഗതിയില്‍ നിന്ന് ഇന്ത്യ പിന്മാറണമെന്ന് ബഹ്‌റൈന്‍ പാര്‍ലമെന്റ്


മനാമ: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പിന്മാറണമെന്ന് ബഹ്‌റൈന്‍ പാര്‍ലമെന്റ്. മുസ്ലിം പൗരന്മാരുടെ അവകാശങ്ങളെ ഇന്ത്യ കണക്കിലെടുക്കണമെന്നും അന്താരാഷ്ട്ര മര്യാദകളെയും തത്വങ്ങളെയും ബഹുമാനിക്കണമെന്നും പാര്‍ലമെന്റിന്റെ പ്രതിനിധി സഭ അഭ്യര്‍ത്ഥിച്ചു.
സൗഹൃദ രാഷ്ട്രമായ ഇന്ത്യ പാസാക്കിയ പൗരത്വ ഭേദഗതി നിയമം ജനപ്രതിനിധി സഭ പരിശോധിച്ചു. മുസ്ലിംങ്ങള്‍ ഒഴികെയുള്ള അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും പൗരത്വം നല്‍കുന്ന നിയമം മുസ്ലിംകളുടെ പൗരത്വം റദ്ദാക്കുന്നതിന്‌പോലും നിയമസാധുത നല്‍കുന്നതായി ബഹ്‌റൈന്‍ പ്രതിനിധി സഭയെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വിവേചനപരവും തുല്യതയ്ക്ക് വിരുദ്ധമായ പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധങ്ങളും അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നതായും റിപ്പോര്‍ട്ട് പറയുന്നു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കും മനുഷ്യാവകാശത്തിനും ആധുനിക സമൂഹത്തിനും നിരക്കുന്നതല്ല ഇത്തരമൊരു നിയമം. സഹിഷ്ണുതയിലും സഹവര്‍ത്തിത്വത്തിലും വേരൂന്നിയതാണ് ഇന്ത്യന്‍ സംസ്‌കാരമെന്നും പരസ്പരമുള്ള അംഗീകാരത്തിന്റെയും സ്‌നേഹത്തിന്റെയും പേരിലാണ് ഇന്ത്യയിലെ ജനങ്ങളും നേതാക്കളും അറിയപ്പെട്ടിരുന്നതെന്നും ബഹ്‌റൈന്‍ പാര്‍ലമെന്റ് അഭിപ്രായപ്പെടുന്നു.
ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദപരമായ ബന്ധവും പ്രതിനിധി സഭ എടുത്തുപറയുന്നു. ഇസ്ലാമിക രാജ്യങ്ങളും സൗഹൃദ രാജ്യമായ ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായി തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

Post a Comment

0 Comments