പിരിച്ചുവിടല്‍: അധ്യാപകന്റെ ഹരജി സുപ്രീംകോടതി തള്ളി


കാസര്‍കോട്: പെരിയ കേന്ദ്ര സര്‍വ്വകലാശാലയില്‍നിന്ന് പിരിച്ചുവിട്ട നടപടി ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ അധ്യാപകന്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി.
ഡോക്ടര്‍ സി.പി.വി വിജയകുമാരന്‍ നായര്‍ നല്‍കിയ അപ്പീലാണ് സുപ്രീം കോടതി തള്ളിയത്. പീഡന പരാതി ഉന്നയിച്ച് വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിജയകുമാരന്‍ നായരെ 2017 ല്‍ ഹിന്ദി അസോസിയേറ്റ് പ്രോഫസര്‍ തസ്തികയില്‍ നിന്ന് പിരിച്ചു വിട്ടത്. ഇതിനെതിരെ വിജയകുമാരന്‍ നായര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചടക്കം തള്ളുകയായിരുന്നു. ഹൈക്കോടതി വിധിക്കെതിരെ അധ്യാപകന്‍ പിന്നീട് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അതേ സമയം അപ്പീലിലെ ആവശ്യം സുപ്രീം കോടതി ഭാഗികമായി ശരിവെച്ചു. പിരിച്ചുവിട്ട നടപടിയില്‍ പരാതി പരിഹാര സമിതിയുടെ അന്വേഷണം മാത്രമേ നടന്നിട്ടുള്ളൂവെന്നത് കോടതി പ്രത്യേകം ചൂണ്ടിക്കാട്ടി. വിജയകുമാരന്‍ നായരെ ജോലിയില്‍ തിരിച്ചെടുക്കുന്നതും ആനുകൂല്യങ്ങള്‍ നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ സര്‍വ്വീസ് ചട്ടം അനുസരിച്ച് വകുപ്പുതല അന്വേഷണമോ ക്രമപ്രകാരമുള്ള പരിശോധനയോ നടത്തി തീരുമാനിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

Post a Comment

0 Comments