റോഡിലെ തീരാപ്പണി: യാത്രക്കാര്‍ക്ക് ദുരിതം; ആകെ വലഞ്ഞ് സമീപവാസികളും കച്ചവടക്കാരും


നീലേശ്വരം : എടത്തോട് റോഡിലെയും ചോയ്യംകോട് മുക്കട റോഡിലെയും തീരാപ്പണിയില്‍ ദുരിതം തീരാതെ വഴിയാത്രക്കാരും വാഹനയാത്രക്കാരും. ആകെ വലഞ്ഞതാകട്ടെ സമീപവാസികളും കച്ചവടക്കാരും.
പണിനടക്കുന്ന ഭാഗത്തെ റോഡ് പൊടിനിറഞ്ഞ് മഞ്ഞുമൂടിയ പോലെയാണ്. പരസ്പരം കാണാനാകാത്ത സ്ഥിതിയാണെന്ന് ഇരുചക്ര വാഹനയാത്രക്കാര്‍ പറയുന്നു. ഇതുമൂലം റോഡിലെ കുഴികള്‍ കാണാനാകാതെ വാഹനം വീണ് അപകടമുണ്ടാക്കുന്നതും പരിക്കേല്‍ക്കുന്നതും പതിവാണെന്നും ഇവര്‍ പറയുന്നു.
റോഡ് അരികിലെയും സമീപത്തെയും താമസക്കാരുടെയും കച്ചവടക്കാരുടെയും സ്ഥിതിയാണ് ഇതിലും ദുരിതം. പൊടി തടയാന്‍ മാസ്‌ക് ധരിച്ചാണ് ഇവര്‍ ദിവസം തള്ളി നീക്കുന്നത്. മാസ്‌ക് ധരിപ്പിക്കാനാകാത്ത പിഞ്ചുകുഞ്ഞുങ്ങളാകട്ടെ പൊടിയടിച്ച് ചുമയും ജലദോഷവും കൊണ്ടു വലയുകയാണ്.
ഇരുറോഡിലെയും കുഴികളില്‍ വീണു ലീഫ് പൊട്ടുന്നതും സ്‌പെയര്‍ പാര്‍ട്‌സുകള്‍ തകരാറിലാവുന്നതും കാരണം ഇതുവഴി മലയോരത്തേക്കുള്ള സര്‍വീസുകള്‍ മുഴുവന്‍ നിര്‍ത്തിവെക്കാനുള്ള ആലോചനയിലാണ് കെഎസ്ആര്‍ടിസി.

Post a Comment

0 Comments