തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങള്‍ക്ക് രാജ്യത്ത് ഉത്തരവാദിത്വം വര്‍ദ്ധിച്ചു- നാണു എം.എല്‍.എ.


കാഞ്ഞങ്ങാട്: തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട കാലഘട്ടത്തിലൂടെയാണ് നമ്മുടെ രാജ്യം കടന്നു പോകുന്നതെന്ന് മുന്‍ മന്ത്രിയും എം എല്‍ എ യുമായ സി.കെ നാണു പ്രസ്താവിച്ചു. ജനതാ കണ്‍സ്ട്രക്ഷന്‍ ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ (എച്ച്.എം.എസ്) 19-ാം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട് ജയപ്രകാശ് നാരായണന്‍ നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ തൊഴിലാളികളുടെ ധീരോദാത്തമായ പോരാട്ടങ്ങളിലുടെ നേടിയെടുത്ത അവകാശങ്ങളും അതുവഴി തൊഴിലാളികളുടെ ജീവിത നിലവാരം ഉയരുകയും ചെയ്തു. അതിന് എച്ച്.എം.എസ് വഹിച്ച പങ്ക് വലുതാണ് എന്നാല്‍ ഇന്ന് നമ്മുടെ രാജ്യത്തിന്റെ അഭിമാന സ്തംഭങ്ങളായ പൊതുമേഖല സ്ഥാപനങ്ങള്‍ ഒന്നൊന്നായി വിറ്റഴിക്കുന്ന നയമാണ് കേന്ദ്ര ഗവണ്‍മെന്റ് അനുവര്‍ത്തിച്ചു വരുന്നത്. ജനങ്ങളെ ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാതെ അതുമറച്ചുവെക്കാനാണ് കേന്ദ്ര ഗവണ്‍മെന്റ് പുതിയ വിഷയങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നത്.
രാജ്യത്തിന്റെ ഭാവി അതിവ ഗുരുതരാവസ്ഥയിലെക്കാണ് പോയി കൊണ്ടിരിക്കുന്നതെന്നും ഈ ഘട്ടത്തില്‍ തൊഴിലാളികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് ആനി സ്വീറ്റി അധ്യക്ഷയായി. പ്രതിനിധി സമ്മേളനം എച്ച്.എം.എസ്.ദേശീയ ഉപാധ്യക്ഷന്‍ പി.എം. മുഹമ്മദ് ഹനീഫ് ഉദ്ഘാടനം ചെയ്തു. തൊഴിലാളികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം മുന്‍ കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹനന്‍ നിര്‍വ്വഹിച്ചു.
എച്ച്.എം.എസ്.ദേശീയ നിര്‍വ്വാഹക സമിതി അംഗം മനയത്ത് ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തില്‍ സംസ്ഥാന ഭാരവാഹികളായ എ.വി.രാമകൃഷ്ണന്‍, മനോജ് ഗോപി ,ആര്‍.എന്‍.രജ്ഞിത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.പി.അജിത, കെ.അമ്പാടി തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ എം.കുഞ്ഞമ്പാടി സ്വാഗതവും ജനറല്‍ കണ്‍വീനര്‍ പി.വി.തമ്പാന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments