നീലേശ്വരത്തെ ഗതാഗതക്കുരുക്കഴിക്കാന്‍ ജില്ലാ വികസന സമിതിയുടെ ഇടപെടല്‍


നീലേശ്വരം : ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗങ്ങള്‍ പലകുറി ചേര്‍ന്ന് തീരുമാനങ്ങളെടുത്തിട്ടും ഗതാഗതക്കുരുക്ക് മുറുകുന്ന നീലേശ്വരത്തെ കുരുക്കഴിക്കാന്‍ ജില്ലാ വികസന സമിതിയുടെ ഇടപെടല്‍.
ഉടന്‍ വീണ്ടും യോഗം ചേര്‍ന്നു തീരുമാനങ്ങളെടുക്കാനാണ് കലക്ടര്‍ ഡോ.ഡി.സജിത്ത് ബാബു അധ്യക്ഷനായ യോഗം നിര്‍ദ്ദേശിച്ചത്. നഗരസഭകളിലെ ട്രാഫിക് റഗുലേറ്ററി കമ്മിറ്റികളുടെ ചെയര്‍മാന്‍ നഗരസഭാ ചെയര്‍മാനും കണ്‍വീനര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമാണ്. നീലേശ്വരത്ത് പ്രഫ.കെ.പി.ജയരാജന്‍ ചെയര്‍മാനായി നഗരസഭാ ഭരണ സമിതി നിലവില്‍ വന്നതിനു ശേഷം പല തവണ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം ചേര്‍ന്നു തീരുമാനങ്ങളെടുത്തെങ്കിലും ഒന്നും നടപ്പായില്ല. യോഗം കൈക്കൊള്ളുന്ന ഗതാഗത പരിഷ്‌കരണ തീരുമാനങ്ങള്‍ നടപ്പാക്കേണ്ടത് മോട്ടോര്‍ വാഹന വകുപ്പും പോലീസുമാണ്. മോട്ടോര്‍ വാഹന വകുപ്പ് ഇക്കാര്യത്തില്‍ സ്വീകരിച്ച നിസംഗ നിലപാടാണ് യോഗ തീരുമാനങ്ങള്‍ അട്ടിമറിക്കപ്പെടാന്‍ കാരണമെന്ന് പറയുന്നു.
ഡോ.എ.ശ്രീനിവാസ് ജില്ലാ പോലീസ് മേധാവിയായിരിക്കെ നീലേശ്വരത്ത് അഞ്ച് പോലീസുകാരെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിയോഗിച്ചത് ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമായിരുന്നു. എന്നാല്‍ ഇദ്ദേഹം സ്ഥലം മാറിപ്പോയതോടെ ഇതും തകിടം മറിഞ്ഞു. നഗരസിരാകേന്ദ്രമായ രാജാ റോഡിലുള്‍പ്പെടെ ഗതാഗതക്കുരുക്കു മുറുകുന്നതില്‍ പരാതി ഉയരുമ്പോള്‍ ബന്ധപ്പെട്ടവരെല്ലാം പരസ്പരം പഴിചാരി തടിതപ്പുകയായിരുന്നു പതിവ്. രാജാറോഡില്‍ രാവിലെയും വൈകീട്ടും കയറ്റിറക്കിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീലേശ്വരം സിഐ എം.എ.മാത്യു, എസ്‌ഐ, രഞ്ജിത് രവീന്ദ്രന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ കര്‍ശമായി നടപ്പാക്കുന്നുണ്ട്. കോണ്‍വന്റ് ജഷ്ങനും മേല്‍പ്പാലത്തിനുമിടയിലെ ചില വ്യാപാരികള്‍ നിര്‍ദേശം പാലിക്കാത്തതും വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്. ആവര്‍ത്തിച്ച് ഉയരുന്ന പരാതികള്‍ കണക്കിലെടുത്താണ് യോഗം വിളിക്കാന്‍ ജില്ലാ വികസന സമിതി നിര്‍ദ്ദേശിച്ചത്. മോട്ടോര്‍ വാഹന വകുപ്പാണ് നഗരസഭയുമായി ആലോചിച്ച് യോഗ തീയതി നിശ്ചയിക്കേണ്ടത്.

Post a Comment

0 Comments