ഒറ്റക്കോലമഹോത്സവത്തിന് പിന്തുണയുമായി ജുമാമസ്ജിദ് ഭാരവാഹികളെത്തി


നീലേശ്വരം: കിനാനൂര്‍-കരിന്തളം ചെറുവയലടുക്കം ചാമുണ്ഡേശ്വരി കാവില്‍ പതിനഞ്ചാണ്ടുകള്‍ക്ക് ശേഷം നടക്കുന്ന ഒറ്റക്കോല മഹോത്സവത്തിന് പിന്തുണയും സഹായവുമായി നെല്ലിയടുക്കം രിഫായി ജൂമാ മസ്ജിദ് ഭാരവാഹികള്‍ എത്തിയത് സാഹോദര്യത്തിന്റെ പുതുമാതൃകയായി.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് ഉത്സവക്കലവറയിലേക്കുള്ള വിവിധ സാധനസാമഗ്രികളുമായി ജൂമാ മസ്ജിദ് പ്രസിഡന്റ് മുഹമ്മദ് കുട്ടി ഉസ്താദ് ,സെക്രട്ടറി മൊയ്തു കടന്നപ്പള്ളി, തലയത്ത് അബൂബക്കര്‍, ടി.മൂസാന്‍, പരീത് നെല്ലിയടുക്കം, ടി.നിസാര്‍, അഷ് റഫ്, ഷക്കീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ചെറുവയലടുക്കം കാവിലെത്തിയത്. ഒറ്റക്കോല മഹോത്സവ ആഘോഷകമ്മിറ്റി ചെയര്‍മാന്‍ വി.സുധാകരന്‍, ജനറല്‍ കണ്‍വീനര്‍ ടി.രാജന്‍, ട്രഷറര്‍ യു.ശങ്കരന്‍നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ മസ്ജിദ് ഭാരവാഹികള്‍ സംഘത്തിന് ഊഷ്മള സ്വീകരണം നല്‍കി.
ചെറുവയലടുക്കം ചാമുണ്ഡേശ്വരികാവില്‍ പതിനഞ്ചാണ്ടുകള്‍ക്ക് ശേഷം ഇന്നും നാളെയുമാണ് ഒറ്റക്കോലമഹോത്സവം നടക്കുന്നത്. ഇന്ന് വൈകിട്ട് ആറിന് കാവില്‍ നിന്നും ദീപവും തിരിയും എഴുന്നള്ളിക്കും. രാത്രി ഏഴിന് തുടങ്ങലും മേലേരിക്ക് അഗ്‌നിപകരലും. രാത്രി ഏഴരയ്ക്ക് നടക്കുന്ന യോഗത്തില്‍ തന്ത്രി മേക്കാട്ടില്ലത്ത് കേശവപട്ടേരി സോവാനീര്‍ പ്രകാശനം നിര്‍വഹിക്കും. ചടങ്ങില്‍ പയ്യന്നൂര്‍ നാട്ടുസംസ്‌കൃതികേന്ദ്രം ഡയറക്ടര്‍ ഡോ.ആര്‍.സി.കരിപ്പത്ത് മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് അന്നദാനം.
രാത്രി എട്ടിന് ചാമുണ്ഡേശ്വരിയുടെ തോറ്റം.തുടര്‍ന്ന് വിഷ്ണുമൂര്‍ത്തിയുടെ തോറ്റം. രാത്രി 11 ന് ഗായകന്‍ സന്നിദാനന്ദന്‍, പ്രജിത് കുഞ്ഞിമംഗലം എന്നിവരുടെ നേതൃത്വത്തിലുള്ള കാലിക്കറ്റ് ടാലന്റിന്റെ മെഗാഷോ. നാളെ പുലര്‍ച്ചെ നാലിന് വിഷ്ണുമൂര്‍ത്തിയുടെ അഗ്‌നിപ്രവേശം. രാവിലെ എട്ടരയ്ക്ക് ചാമുണ്ഡേശ്വരിയുടെയും ഗുളികന്റെയും പുറപ്പാട്.രാവിലെ 11.30 ന് അന്നദാനത്തോടെ സമാപനം.

Post a Comment

0 Comments