പോര്‍വിളി അവസാനിപ്പിക്കാതെ ഇറാനും അമേരിക്കയും; ആശങ്കയോടെ ഇന്ത്യ


ടെഹ്‌റാന്‍: ഇറാന്‍-അമേരിക്ക സംഘര്‍ഷം രൂക്ഷമാകുന്നത് ആശങ്കയോടെയാണ് ഇന്ത്യ ഉറ്റു നോക്കുന്നത്.
ഇറാനും അമേരിക്കയ്ക്കുമിടയില്‍ സമതുലന നയതന്ത്രം പുലര്‍ത്തുകയെന്നതാകും ഇന്ത്യക്കുള്ള പ്രധാന വെല്ലുവിളി. ഇറാന്‍ വിദേശകാര്യ മന്ത്രിയുമായുള്ള ആശയവിനിമയം തുടരുമെന്ന് വിദേശ കാര്യമന്ത്രി എസ്.ജയശങ്കര്‍ വ്യക്തമാക്കി. സംഘര്‍ഷം തുടരുന്നത് ഇന്ത്യയുടെ വിദേശ നയത്തെ മാത്രമല്ല സാമ്പത്തിക രംഗത്തെയും സാരമായി ബാധിക്കും. അമേരിക്കന്‍ ഉപരോധത്തെത്തുടര്‍ന്ന് ഇറാനില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നില്ലെങ്കിലും സംഘര്‍ഷം ഇറാഖില്‍ നിന്നുള്‍പ്പടെയുള്ള ചരക്ക് നീക്കത്തിന് വെല്ലുവിളിയാണ്.ഖാസിം സുലൈമാനിയുടെ വധത്തിന് പിന്നാലെ എണ്ണവിലയില്‍ നാല് ശതമാനം വര്‍ദ്ധനയുണ്ടായി. തല്‍സ്ഥിതി തുടര്‍ന്നാല്‍, അഞ്ചില്‍ താഴെ നില്‍ക്കുന്ന ആഭ്യന്തര വളര്‍ച്ചാ നിരക്ക് ഇനിയും താഴോട്ട് പോകും. ഇറാനുമായി ചേര്‍ന്നുള്ള ഛബ്ബര്‍ തുറമുഖ പദ്ധതിയെയും സംഘര്‍ഷം ബാധിച്ചേക്കാം. അടുത്തിടെ ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ തുറമുഖ നിര്‍മ്മാണ സഹകരണമായിരുന്നു പ്രധാന ചര്‍ച്ച.
ഈമാസം 11 ന് ദില്ലിയില്‍നടക്കുന്ന റെയ്‌സിന ഉച്ചകോടിയില്‍ ഇറാന്‍ വിദേശ കാര്യമന്ത്രി മുഹമ്മദ് ജാവേദ് സരിഫ് പങ്കെടുക്കുന്നുണ്ട്. ഇന്ത്യയുടെ ആശങ്കകള്‍ ഉച്ചകോടിയില്‍ അറിയിച്ചേക്കും. ആക്രമണത്തിന് പിന്നാലെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി, മൈക്ക് പോംപെയോ പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ വിളിച്ചിരുന്നു. അമേരിക്കയ്ക്ക് കാര്യമായ അന്താരാഷ്ട്ര പിന്തുണ കിട്ടാത്ത സാഹചര്യത്തില്‍ ഇന്ത്യ എടുക്കുന്ന നിലപാട് നിര്‍ണായകമാകും.

Post a Comment

0 Comments