അസഹിഷ്ണുത കൊണ്ട് അന്ധരായ സിപിഎം നീലേശ്വരത്തിന്റെ ചരിത്രം മറന്നു- വി.മുരളീധരന്‍


നീലേശ്വരം : ജില്ലയുടെ സാംസ്‌കാരിക തലസ്ഥാനമെന്ന നീലേശ്വരത്തിന്റെ ചരിത്രമറിയാത്തവരായി സിപിഎം തരംതാണുവെന്നാണ് ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസിന്റെ പഥസഞ്ചലനം തടഞ്ഞതിലൂടെ പ്രതിഫലിച്ചതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍.
ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന്റെ അസഹിഷ്ണുത അതിരുകടക്കുകയാണ്. പൗരത്വ നിയമ ഭേദഗതിയെച്ചൊല്ലി ഡിവൈഎഫ്‌ഐ നടത്തിയ യൂത്ത് മാര്‍ച്ചുകള്‍ക്ക് യൂത്ത് ലീഗുകാര്‍ അഭിവാദ്യമര്‍പ്പിച്ചത് കോണ്‍ഗ്രസിനെ വിറളി പിടിപ്പിച്ചിട്ടുണ്ട്. സിപിഎം തീവ്ര ഹിന്ദുത്വ നിലപാടുകള്‍ എടുക്കുന്നുവെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന അതാണ് വെളിവാക്കുന്നത്. ലീഗിന്റെ പിന്തുണ എല്‍ഡിഎഫിനു പോയാല്‍ പിന്നെ കുറിമായ്ച്ചാല്‍ വരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പച്ച തൊടില്ലെന്ന് നേതൃത്വത്തിനറിയാം. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി കുറി മായ്ച്ചാണ് മുസ്ലിം ലീഗ് പരിപാടികളില്‍ പങ്കെടുക്കുന്നതെന്ന കാര്യം ഊന്നിപ്പറഞ്ഞ മുരളീധരന്‍ ഇങ്ങനെയൊരാവശ്യം ലീഗ് നേതൃത്വം ഉന്നയിച്ചിട്ടുണ്ടോയെന്നും യുഡിഎഫിന്റെ പൊതുമിനിമം പരിപാടിയില്‍ ഇതുണ്ടോയെന്നും ആരാഞ്ഞു. പൗരത്വ നിയമഭേദഗതി വിഷയത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ ഇനി ഏറെക്കാലം വിലപ്പോവില്ലെന്നും കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments