സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ് പുരസ്‌കാര വിതരണം ആറിന്


തിരുവനന്തപുരം: സംസ്ഥാനത്തെ വാണിജ്യ വ്യവസായ സ്ഥാപനങ്ങളും ഫാക്ടറികളും തൊഴില്‍ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി തൊഴിലും നൈപുണ്യവും വകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ് പുരസ്‌കാര വിതരണം ആറിന് കോഴിക്കോട് നടക്കും.
തൊഴില്‍ മേഖലയിലെ മികച്ച സ്ഥാപനങ്ങളെ കണ്ടെത്തി ആദരിക്കുന്നതിനായി സംസ്ഥാന തൊഴില്‍ നയത്തിന്റെ ഭാഗമായാണ് സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ് പദ്ധതി നടപ്പാക്കുന്നത്.
തൊഴിലിടങ്ങളിലെ വിവിധ തലത്തിലുള്ള പ്രവര്‍ത്തനങ്ങളെ നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അപഗ്രഥിച്ചാണ് പ്രവര്‍ത്തന മികവിനുള്ള വജ്ര, സുവര്‍ണ, രജത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. ആറിന് രാവിലെ 11 ന് കോഴിക്കോട് അരവിന്ദ്‌ഘോഷ് റോഡ് ന്യൂ നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.എം.കെ. മുനീര്‍ എം.എല്‍. എ. അധ്യക്ഷത വഹിക്കും. എം.കെ. രാഘവന്‍ എം.പി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവര്‍ മുഖ്യാഥിഥികളായി പങ്കെടുക്കുന്ന പരിപാടിയില്‍ ലേബര്‍ കമ്മീഷണര്‍ സി.വി. സജന്‍, വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികള്‍, വ്യാപാരി വ്യവസായി മേഖലയില്‍നിന്നുള്ള വിവിധ സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Post a Comment

0 Comments