പൗരത്വനിയമഭേദഗതി: നിയമം റദ്ദ് ചെയ്യുന്നതുവരെ പോരാട്ടം തുടരണമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി റദ്ദു ചെയ്യുന്നതുവരെ പോരാട്ടം തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ ജനസംഖ്യ രജിസ്റ്ററും ദേശീയ പൗരത്വ പട്ടികയും നടപ്പാക്കാന്‍ അനുവദിക്കില്ല എന്ന് കേരളം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ നമുക്ക് വിശ്രമിക്കാറായിട്ടില്ല. നിയമം റദ്ദാക്കുന്നതുവരെ പോരാട്ടം തുടരണം. അതിനായി എല്ലാവരും സ്വയം സമര്‍പ്പിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനിഷ്ട സംഭവങ്ങള്‍ ഒന്നും ഇല്ലാതെ, കടുത്ത പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചു. വിവിധ ജില്ലകളില്‍ വലിയ തോതിലുളള ജനസഞ്ചയമാണ് പങ്കെടുത്തത്. മനുഷ്യമഹാശൃംഖല മനുഷ്യമതിലായി മാറിയെന്നും പിണറായി വിജയന്‍ പറഞ്ഞു.ദേശീയ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയത് മുതല്‍ അതിനെതിരെ ശക്തമായി പ്രതികരിച്ചു വരികയാണ്. ഒരുതരത്തിലുളള ഭേദചിന്തയും ഇല്ലാതെ ഒന്നിച്ച് അണിനിരന്ന് കൊണ്ടാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ജനങ്ങള്‍ പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വം മതാടിസ്ഥാനത്തില്‍ ആക്കാനുളള കാടന്‍ നിലപാടിനെതിരെയുളള പ്രതിഷേധത്തില്‍ നാനാതുറകളില്‍ പെട്ടവര്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ അടക്കം വിവിധ മേഖലയിലുളളവര്‍ അവരുടെ പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം പ്രതിഷേധ പരിപാടികളില്‍ നിന്ന് മാറിനില്‍്ക്കാറുളള ചലച്ചിത്രപ്രവര്‍ത്തകര്‍ വരെ പ്രക്ഷോഭത്തില്‍ അണിനിരന്നതായി പിണറായി വിജയന്‍ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ആഹ്വാനം ചെയ്തതാണെങ്കിലും ഈ പരിപാടിയില്‍ ദേശീയ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ഉളള മുഴുവന്‍ ആളുകളും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചുളള ജനസഞ്ചയമാണ് ശൃംഖലയില്‍ അണിനിരന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.
ലോകമാകെ കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരെ രംഗത്തുവന്നു.വിവിധ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ഇന്ത്യയിലേക്കുളള സന്ദര്‍ശനം വരെ റദ്ദ് ചെയ്തു.വിവിധ രാജ്യങ്ങള്‍ ഈ നിയമം തിരുത്തണമെന്ന് ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭയും സമാനമായ നിലപാടാണ് സ്വീകരിച്ചത്. ദേശീയ ജനസംഖ്യ രജിസ്റ്ററും ദേശീയ പൗരത്വ പട്ടികയും നടപ്പാക്കാന്‍ അനുവദിക്കില്ല എന്ന് കേരളം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ നമുക്ക് വിശ്രമിക്കാറായിട്ടില്ല. നിയമം റദ്ദാക്കുന്നതുവരെ പോരാട്ടം തുടരണം. അതിനായി എല്ലാവരും സ്വയം സമര്‍പ്പിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.
ഭരണഘടന സംരക്ഷിക്കുക, പൗരത്വ നിയമഭേദഗതി പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തില്‍ കേരളമൊട്ടാകെ മനുഷ്യ മഹാശൃഖല തീര്‍ത്തത്. കാസര്‍കോട് നിന്ന് ആരംഭിച്ച ശൃംഖല തിരുവനന്തപുരം കളിയിക്കാവിളയില്‍ അവസാനിച്ചു.
കാസര്‍കോട് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ശൃംഖലയിലെ ആദ്യ കണ്ണിയായപ്പോള്‍ കളിയിക്കാവിളയില്‍ എം എ ബേബി അവസാന കണ്ണിയായി. തിരുവനന്തപുരം പാളയം രക്താക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുറമേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അണിനിരന്നു.
എഴുപത് ലക്ഷം പേര്‍ ശൃംഖലയില്‍ പങ്കെടുത്തുവെന്ന് എല്‍ഡിഎഫ് അവകാശപ്പെട്ടു. മൂന്നേകാലോടെ തന്നെ ജനങ്ങള്‍ ദേശീയ പാതയുടെ ഓരങ്ങളില്‍ അണിനിരന്നു. നാല് മണിക്ക് ഭരണഘടനയുടെ ആമുഖം ഒരുമിച്ച് വായിച്ചതിന് ശേഷം, ജനങ്ങള്‍ കൈകോര്‍ത്ത് പിടിച്ച് ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചെയ്തു.
ഇടത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പുറമേ സാംസ്‌കാരിക, സിനിമാ, സാഹിത്യ പ്രവര്‍ത്തകരും മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തു. സമസ്ത എപി, ഇകെ വിഭാഗം നേതാക്കളും മുജാഹിദ് വിഭാഗം നേതാക്കളും ശ്യംഖലയില്‍ പങ്കെടുത്തു. യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീ വര്‍ഗീസ് മാര്‍ കൂറിലോസ് ആലപ്പുഴയില്‍ പങ്കെടുത്തു.

Post a Comment

0 Comments