ആര്‍.എസ്.എസിന്റെ പരിപാടിയില്‍ ഉദ്ഘാടകന്‍ സ്ഥലം എസ്.ഐ


കണ്ണൂര്‍: മട്ടന്നൂരില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടകനായി എസ്.ഐ പങ്കെടുത്തതില്‍ ജാഗ്രത കുറവുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവിക്ക് സമര്‍പ്പിച്ചു. ആര്‍.എസ്.എസ് സംഘാടകരായുള്ള പരിപാടിയില്‍ മട്ടന്നൂര്‍ എസ്.ഐ കെ.കെ. രാജേഷ് ഉദ്ഘാടകനായതിനെതിരെ സി.പി.എം രംഗത്ത് വന്നിരുന്നു. ആര്‍.എസ്.എസ്. നേതാവ് സി.കെ. രഞ്ജിത്തിന്റെ സ്മൃതി ദിന പരിപാടിയാണ് എസ്.ഐ ഉദ്ഘാടനം ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ചയാണ് മട്ടന്നൂര്‍ കിളിയങ്ങാട് ആര്‍.എസ്.എസ് നേതൃത്വത്തിലുള്ള വീരപഴശ്ശി സ്മൃതി സേവാസമിതി അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. സി.കെ രഞ്ജിത്തിന്റെ ചിത്രത്തിന് മുന്നില്‍ നിലവിളക്ക് കൊളുത്തിയായിരുന്നു ഉദ്ഘാടനം. വേദിയില്‍ രാജേഷ് സംസാരിക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം മട്ടന്നൂര്‍ ഏരിയ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. പരിപാടിയില്‍ പങ്കെടുത്ത് ബോധവല്‍ക്കണ ക്ലാസ് എടുക്കുന്നതില്‍ തെറ്റില്ലെന്നും, എന്നാല്‍ ഉദ്ഘാടകനായതില്‍ എസ്.ഐയുടെ ഭാഗത്ത്‌നിന്ന് ജാഗ്രത കുറവ് ഉണ്ടായിട്ടുണ്ടെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. നാട്ടില്‍ സാംസ്‌കാരിക സംഘടനകള്‍ നടത്തുന്ന പരിപാടികളില്‍ ക്ലാസെടുക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരെ ക്ഷണിക്കാറുണ്ടെന്നും, ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍, അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്.ഐക്കെതിരെ കാര്യമായ നടപടി ഉണ്ടാകില്ലെന്നാണ് ലഭിക്കുന്ന സൂചന.

Post a Comment

0 Comments