ബാഗ്ദാദ്: ഇറാഖിലെ സൈനിക താവളങ്ങള്‍ക്കെതിരെ ആക്രമണം നടത്തി അധികമാകും മുമ്പ് വീണ്ടും ഇറാന് റോക്കറ്റാക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ട്. ബാഗ്ദാദിലെ അമേരിക്കയുടേതുള്‍പ്പെടെയുള്ള എംബസികള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് ഇറാന് ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇറാന്റെ രണ്ട് റോക്കറ്റുകളാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ ഇവിടെയുള്ള 'ഗ്രീന്‍ സോണ്‍' എന്നറിയപ്പെടുന്ന അതീവസുരക്ഷാ മേഖലയില്‍ പതിച്ചത്.
അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. എ.എഫ്.പിയുടെ രണ്ട് കറസ്പോണ്ടന്റുകള്‍ ഇന്നലെ രാത്രി രണ്ട് വലിയ സ്ഫോടനത്തിന്റെ ശബ്ദങ്ങളും തുടര്‍ന്ന് അപായസൂചന നല്‍കികൊണ്ടുള്ള സൈറണുകളും കേട്ടിരുന്നു. ഇന്നലെ ഇറാഖിലെ രണ്ട് അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തിരിക്കുന്നു. ഈ ആക്രമണം നടന്ന് 24 മണിക്കൂറുകള്‍ കഴിഞ്ഞ ശേഷമായിരുന്നു രണ്ടാമത്തെ ആക്രമണം.
ഇന്നലെ രണ്ട് അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ ഇറാന് നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ മരണപ്പെട്ടത് 80 അമേരിക്കക്കാരെന്നാണ് വാര്‍ത്തകള്‍ വന്നിരിക്കുന്നത്. അന്താരാഷ്ട്ര മാധ്യമമായ 'അല്‍ ജസീറ'യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്റെ ആക്രമണത്തില്‍ വന്‍ നാശനഷ്ടങ്ങളാണ് സൈനിക കേന്ദ്രങ്ങളില്‍ ഉണ്ടായിരിക്കുന്നതെന്നും വിവരമുണ്ട്.
എന്നാല്‍ ആക്രമണത്തില്‍ ആരും മരണപ്പെട്ടിട്ടില്ല എന്നാണ് അമേരിക്ക പ്രതികരിച്ചിരിക്കുന്നത്. 30 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന് അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്കെതിരെ പ്രയോഗിച്ചതെന്നാണ് ടെഹ്റാന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ ഒന്നുപോലും അമേരിക്കയ്ക്ക് തടുക്കാന്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
ജനുവരി മൂന്നിന് ഇറാനിയന്‍ രഹസ്യസേനയായ ഖുദ്സ് ഫോഴ്സസ് തലവന്‍ ഖാസിം സൊലൈമാനി ഉള്‍പ്പെടെയുള്ളവരെ ഡ്രോണ്‍ ആക്രമണത്തിലൂടെ അമേരിക്ക കൊലപ്പെടുത്തിയതിന് പകരമായാണ് അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ തങ്ങള്‍ ആക്രമണം നടത്തിയതെന്ന് ഇറാന് പ്രതികരിച്ചു.
0 Comments