വാട്‌സ് ആപ് ശൃംഗാരം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് അറസ്റ്റില്‍


കാഞ്ഞങ്ങാട് : സഹപ്രവര്‍ത്തകയുമായുള്ള വാട്‌സ് ആപ് ശൃംഗാരം പരസ്യപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി യുവാവില്‍ നിന്ന് ഒന്നേ മുക്കാല്‍ ലക്ഷം തട്ടിയ കാസര്‍കോട് സ്വദേശിയെ അറസ്റ്റ് ചെയ്തു.
അണങ്കൂര്‍ ബാരിക്കാട് ഹൗസിലെ ബി.ബഷീറിനെ (37) യാണ് ഹൊസ്ദുര്‍ഗ് എസ്‌ഐ എന്‍.പി.രാഘവന്‍ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചയുടന്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. കാഞ്ഞങ്ങാട്ടെ സ്വകാര്യ വാഹന വില്‍പന സ്ഥാപനത്തിലെ മാനേജര്‍ ഏച്ചിക്കാനം മധുരക്കോട്ടെ എം.രാകേഷിന്റെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. കൂടെ ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയുമായി നടത്തിയ വാട്‌സ് ആപ് ശൃംഗാരം പരസ്യപ്പെടുത്തി അപകീര്‍ത്തി വരുത്തുമെന്നായിരുന്നു ഭീഷണി. പെണ്‍കുട്ടി ഇവിടെ നിന്നു പിരിഞ്ഞ് മറ്റൊരു സ്ഥാപനത്തില്‍ ജോലിക്കു ചേര്‍ന്നിരുന്നു. ഇവരില്‍ നിന്നു കാര്യം മനസിലാക്കിയ ബഷീര്‍ പെണ്‍കുട്ടിക്കു കൊടുക്കാനെന്നു വിശ്വസിപ്പിച്ചാണ് പണം തട്ടിയത്.
ഒന്നേകാല്‍ ലക്ഷം കയ്യില്‍ വന്നതോടെ അല്‍പകാലം അടങ്ങിയ ബഷീര്‍ പിന്നീട് അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് വശംകെട്ട രാകേഷ് പോലീസില്‍ പരാതി നല്‍കിയത്. ബഷീറിനെ ഹൊസ്ദുര്‍ഗ് കോടതി റിമാന്‍ഡ് ചെയ്തു.

Post a Comment

0 Comments