അങ്കണവാടി അധ്യാപികയ്ക്ക് നേരെ കയ്യേറ്റം: പോലീസ് കേസെടുത്തു


തൃക്കരിപ്പൂര്‍: പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ കണക്കെടുക്കാന്‍ വീട്ടിലെത്തിയ അങ്കണവാടി ആധ്യാപികയെ പിടിച്ചു തള്ളിയ ഗൃഹനാഥനെതിരെ കേസ്.
വടക്കേ തൃക്കരിപ്പൂര്‍ എടാട്ടുമ്മല്‍ അവറോന്തന്‍ ഹൗസിലെ എം.പത്മിനി (50) യുടെ പരാതിയില്‍ മണ്ടമ്പത്തെ കുഞ്ഞിക്കണ്ണനെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന തുള്ളി മരുന്നു വിതരണത്തിന്റെ കണക്കെടുക്കാന്‍ ഇന്നലെ കുഞ്ഞിക്കണ്ണന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം.
വിവരങ്ങള്‍ ആരാഞ്ഞ പത്മിനിയോട് അങ്കണവാടി വഴി തനിക്ക് ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ലെന്നും സഹകരണമില്ലെന്നും പറഞ്ഞു കയര്‍ക്കുകയും പിടിച്ചു തള്ളുകയുമായിരുന്നുവെന്നു പത്മിനി ചന്തേര പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അങ്കണവാടി അധ്യാപികയുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനു കേസെടുത്ത ചന്തേര പോലീസ് അന്വേഷണം തുടങ്ങി.

Post a Comment

0 Comments