കൊറോണ വൈറസ്: മരണസംഖ്യ ഉയരുന്നു; ലോകം ആശങ്കയില്‍


ബെയ്ജിങ്: കൊറോണ വൈറസ് വ്യാപകമായി പടരുമെന്ന ആശങ്കയില്‍ ചൈനയിലെ വുഹാന്‍ നഗരം അധികൃതര്‍ അടച്ചിട്ടു. കൊറോണ വൈറസിന്റെ ഉത്ഭവകേന്ദ്രമായ വുഹാനിലെ വിമാനട്രെയിന്‍ സര്‍വ്വീസുകള്‍ ഉള്‍പ്പടെയുള്ള പൊതുഗതാഗതസംവിധാനങ്ങളെല്ലാം അധികൃതര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. പൗരന്‍മാര്‍ നഗരം വിട്ടുപോകരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇതുവരെ 17 പേരാണ് കൊറോണ വൈറസ് ബാധയേറ്റ് മരിച്ചത്. 571 പേര്‍ക്ക് വൈറസ് ബാധ പിടിപെട്ടതായി ചൈനീസ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. തായ്‌ലന്‍ഡ്, തായ്‌വാന്‍, യുഎസ്, സൗത്ത് കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലും കൊറോണ വൈറസ് പിടിപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തായ്‌ലന്‍ഡില്‍ നാല് പേര്‍ക്കും മറ്റ് രാജ്യങ്ങളിലായി ഒരാള്‍ക്കുവീതമാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്.
കൊറോണ വൈറസിന്റെ ആഘാതം നേരിടാന്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഇന്നലെ വിയന്നയില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു. എബോള, പന്നിപ്പനി തുടങ്ങിയ വൈറസ് രോഗബാധയെ തുടര്‍ന്ന് പുറപ്പെടുവിച്ച പൊതുജനാരോഗ്യ അടിയന്തരാവസ്ഥ ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിനും പ്രഖ്യാപിക്കണോ എന്ന് തീരുമാനിക്കുന്നതിന് വേണ്ടി ഡബ്ല്യുഎച്ച്ഒ ചര്‍ച്ച ഇന്നുവരെ നീട്ടിയിരുന്നു.
അതേസമയം, ജനുവരി 24ന് ചൈനയില്‍ പുതുവര്‍ഷദിനാചരമാണ്. എന്നാല്‍, കൊറോണ വൈറസ് ഭീതി പടര്‍ത്തുന്നിതാല്‍ രണ്ടാഴ്ച്ചയോളം തുടരുന്നു ആഘോഷങ്ങള്‍ക്ക് ഇത്തവണ കരിനിഴല്‍ വീഴുമെന്നാണ് റിപ്പോര്‍ട്ട്.

Post a Comment

0 Comments