ലൗ ജിഹാദിന് തെളിവില്ല, എരിതീയില്‍ എണ്ണ ഒഴിക്കരുതെന്ന് സഭയിലെ വിമത വിഭാഗം


കൊച്ചി: കേരളത്തില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ പെട്ട പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന സീറോ മലബാര്‍ സിനഡ് സര്‍ക്കുലറിനെതിരെ സഭയുടെ തന്നെ കീഴിലുള്ള എറണാകുളം അങ്കമാലി അതിരൂപതാ മുഖപത്രമായ 'സത്യദീപം'. ലൗ ജിഹാദുമായി ബന്ധപ്പെട്ടുള്ള സര്‍ക്കുലര്‍ അനവസരത്തില്‍ ഉള്ളതാണെന്നും സര്‍ക്കുലറിനെ പിന്തുണച്ചുകൊണ്ടുള്ള പി.ഒ.സി ഡയറക്ടറുടെ ലേഖനം 'ജന്മഭൂമി' പത്രത്തില്‍ അച്ചടിച്ച് വന്നത് ആശങ്ക ഉളവാക്കുന്നുവെന്നുമാണ് മുഖപത്രം വിമര്‍ശിക്കുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്താകമാനം പ്രതിഷേധങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ ലൗ ജിഹാദിന്റെ പേരില്‍ ഒരു സര്‍ക്കുലര്‍ ഇറക്കുന്നത് ഒരു മതത്തെ മാത്രം ചെറുതാക്കുന്നതിന് വേണ്ടിയാണെന്നും അത് എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് സമാനമാണെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. ലൗ ജിഹാദിന് തെളിവില്ലെന്ന കാര്യം സര്‍ക്കാരും ഹൈകോടതിയും വ്യക്തമാക്കിയതാണെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. സത്യദീപത്തിന്റെ മുന്‍ ചീഫ് എഡിറ്റര്‍ വൈദിക സമിതിയുടെ സെക്രട്ടറിയുമായ ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്റെ ലേഖനത്തിലാണ് ഈ പരാമര്‍ശങ്ങള്‍ ഉള്ളത്.
കേരളത്തില്‍ ലൗ ജിഹാദ് ശക്തമാണെന്ന പ്രസ്താവനയുമായി സീറോ മലബാര്‍ സഭ അടുത്തിടെ രംഗതെത്തിയിരുന്നു. ക്രിസ്ത്യന്‍ സമുദായത്തിലുള്ള പെണ്‍കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടാണ് ആസൂത്രിതമായ ലൗ ജിഹാദ് നടക്കുന്നതെന്നും ഇത് ആശങ്കാജനകമാണെന്നുമാണ് സഭാ സിനഡ് പറഞ്ഞത്. സിനഡ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങളെ കുറിച്ചുള്ള പരാമര്‍ശം ഉണ്ടായിരുന്നത്.
സീറോ മലബാര്‍ സഭയുടെ വാര്‍ഷിക സിനഡ് സമ്മേളനത്തെ സംബന്ധിച്ചുള്ള വാര്‍ത്താക്കുറിപ്പാണിത്. തങ്ങളുടെ ആരോപണത്തെ സാധൂകരിക്കുന്നതിനായി ഏതാനും കണക്കുകളും സഭ മുന്നോട്ടുവച്ചിരുന്നു. കേരളത്തില്‍ നിന്നും ഐസിസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 21 പേരില്‍ പകുതി പേരും ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുമുള്ളവരാണെന്നും പോലീസ് രേഖകളുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ സംസാരിക്കുന്നതെന്നും സഭ ചൂണ്ടിക്കാട്ടിയിരുന്നു.

Post a Comment

0 Comments