പടക്കം പൊട്ടിച്ച് ആഹ്ലാദം; മര്‍ദ്ദനത്തിനെതിരെ കേസ്


പിലിക്കോട് : മേലുദ്യോഗസ്ഥന്‍ വിരമിക്കുന്ന ദിവസം പടക്കം പൊട്ടിച്ച് ആഘോഷിച്ചുവെന്നാരോപിച്ച് സഹപ്രവര്‍ത്തകനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസ്.
കെഎസ്ഇബി പിലിക്കോട് സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എന്‍ജിനിയര്‍ കൃഷ്ണന്‍ വിരമിക്കുന്ന ദിവസം പടക്കം പൊട്ടിച്ചുവെന്നാരോപിച്ച് ചെറുവത്തൂര്‍ വടക്കേവളപ്പ് ബീന നിവാസിലെ എന്‍.ശ്യാമിനാണ് (37) മര്‍ദ്ദനമേറ്റത്. സെക്ഷന്‍ ഓഫീസിലെ വര്‍ക്കറാണ് ശ്യാം. സഹപ്രവര്‍ത്തകരായ സഹജന്‍, മധു എന്നിവരാണ് മര്‍ദ്ദിച്ചതെന്ന് ശ്യാമിന്റെ പരാതിയില്‍ പറയുന്നു. ഇരുവര്‍ക്കുമെതിരെ ചന്തേര പോലീസ് കേസെടുത്തു. ഡിസംബര്‍ 31 ന് വൈകീട്ട് അഞ്ചോടെയായിരുന്നു അക്രമം. അസിസ്റ്റന്റ് എഞ്ചിനീയര്‍ കൃഷ്ണന്‍ ശ്യാമിനെ ഔദ്യോഗിക ജോലിക്കിടയില്‍ ബുദ്ധിമുട്ടിച്ചിരുന്നു. ഇതിന്റെ പ്രതികാരം തീര്‍ക്കാന്‍ കൃഷ്ണന്‍ വിരമിക്കുന്ന ദിവസം പടക്കം പൊട്ടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുമെന്ന് ശ്യാം നേരത്തെ പ്രഖ്യാപിച്ചു. ഇതുപ്രകാരം കൃഷ്ണന്‍ ജോലിയില്‍ നിന്ന് വിരമിച്ച് ഓഫീസില്‍ നിന്ന് ഇറങ്ങുന്ന സമയത്ത് പടക്കം പൊട്ടിച്ചതാണ് പ്രശ്‌നമായത്.

Post a Comment

0 Comments